റിലയന്‍സ് ജിയോയുടെ വെല്ലുവിളി നേരിടാന്‍ ഐഡിയ-വൊഡാഫോണ്‍ ലയനം വേഗത്തിലാക്കുന്നു. ലയനത്തിന് അനുമതി തേടി ഐഡിയ കേന്ദ്ര കമ്പനി നിയമകാര്യ ട്രൈബ്യൂണലിനെ സമീപിച്ചു. ഇതിന് പിന്നാലെ ഓഹരി വിപണിയില്‍ ഐഡിയയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി.

ഇന്ത്യന്‍ ടെലികോം രംഗത്തെ ഏറ്റവും വലിയ ലയനം വേഗത്തിലാക്കാനുള്ള നടപടികളാണ് ഐഡിയ സെല്ലുലാര്‍ തേടുന്നത്. ലയനത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഐഡിയ കേന്ദ്ര കമ്പനി നിയമകാര്യ ട്രൈബ്യൂണലിനെ സമീപിച്ചത്. സെക്യൂരിറ്റീസ് ആന്റ് എക്സ്‍ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നേരത്തെ ലയനത്തിന് ഉപാധികളോടെ അനുമതി നല്‍കിയിരുന്നു. ലയനത്തിന് ഓഹരി ഉടമകളുടെയും കേന്ദ്ര കമ്പനികാര്യ നിയമ ട്രിബ്യൂണലിന്റെയും അനുമതി തേടണമെന്നാണ് സെബി ആവശ്യപ്പെട്ടിരുന്നത്. സര്‍ക്കാര്‍ നിഷ്കകര്‍ശിക്കുന്ന അനുമതികളെല്ലാം ലഭ്യമാക്കി നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ ലയനം യാഥാര്‍ത്ഥ്യമാക്കാനാണ് ഇരു കമ്പനികളുടെയും ശ്രമം. 

കഴിഞ്ഞ സെപ്റ്റംബറില്‍ റിലയന്‍സ് ജിയോ രംഗത്തിറങ്ങിയ ശേഷം ഐഡിയ ഇതുവരെ ലാഭം കൈവരിച്ചിട്ടില്ല. കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ മാത്രം 816 കോടി രൂപയുടെ നഷ്ടമാണ് നേരിടേണ്ടി വന്നത്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണും സമാനമായ നഷ്ടമാണ് നേരിടുന്നത്. ലയനം പൂര്‍ത്തിയായാല്‍ സംയുക്ത കമ്പനിയില്‍ വോഡഫോണിന് 45 ശതമാനം ഓഹരികള്‍ ലഭിക്കും. 26 ശതമാനം ഓഹരികളായിരിക്കും ഐഡിയക്ക് ഉണ്ടാവുക. ബാക്കി ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് കിട്ടും. 40 കോടിയോളം ഉപഭോക്താക്കളാണ് സംയുക്ത കമ്പനിക്ക് കീഴിലുണ്ടാവുക. അതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന എയര്‍ടെല്ലിന് 26 കോടി ഉപഭോക്താക്കളാണുണ്ടാവുക. ഒരു വര്‍ഷം മുമ്പ് മാത്രം എത്തിയ റിലയന്‍സ് ജിയോ 12 കോടിയിലധികം ഉപഭോക്താക്കളുമായി നാലാം സ്ഥാനത്താണ്.