ഒരു വിദേശ കമ്പനിക്ക് 49 ശതമാനം ഓഹരികള്‍ മാത്രമേ നേരിട്ട് വാങ്ങാന്‍ സാധിക്കൂ ലയനം നടന്നാല്‍ പുതിയ കമ്പനിക്ക് 35 ശതമാനം വിപണി വിഹിതവുമുണ്ടാവും

ദില്ലി: ഐഡിയ-വോഡാഫോണ്‍ ലയന കാര്യത്തില്‍ തീരുമാനമെടുക്കാനുളള ശുപാര്‍ശ സര്‍ക്കാരിന്‍റെ മുന്‍പിലെത്തി. സര്‍ക്കാരിനായി ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷനാണ് (ഡിഐപിപി) അപേക്ഷ പരിഗണിക്കുന്നത്. 

100 ശതമാനം വരെ നേരിട്ടുളള വിദേശ നിക്ഷേപം (ഡയറക്റ്റ് എഫ്ഡിഐ) സ്വീകരിക്കുന്നതിന് അനുവദിക്കണമെന്നാണ് ഐഡിയ സമര്‍പ്പിച്ച ശുപാര്‍ശയിലുളളത്. നിലവിലുളള പ്രത്യക്ഷ വിദേശ നിക്ഷേപ നയപ്രകാരം ഒരു വിദേശ കമ്പനിക്ക് 49 ശതമാനം ഓഹരികള്‍ മാത്രമേ നേരിട്ട് വാങ്ങാന്‍ സാധിക്കൂ. അതില്‍ കൂടുതല്‍ ഓഹരി വാങ്ങണമെങ്കില്‍ അത്തരം നടപടികള്‍ക്ക് സര്‍ക്കാരിന്‍റെ അനുമതി വേണം. 

2017 ലാണ് ഐഡിയ- വോഡഫോണ്‍ ലയന പ്രഖ്യാപനം വരുന്നത്. ഐഡിയയും വോഡഫോണും തമ്മില്‍ ചേര്‍ന്ന് രൂപീകൃതമാകുന്ന കമ്പനിക്ക് 23 ബില്യണ്‍ ഡോളര്‍ വിപണി മൂല്യവും 35 ശതമാനം വിപണി വിഹിതവുമുണ്ടാവും. ഡിഐപിപിയുടെ അഭിപ്രായത്തിനായി ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം കാത്തിരിക്കുകയാണ്. ഡിഐപിപിയുടെ അഭിപ്രായമാണ് ലയനനീക്കത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ ഘടകം. പുതിയ കമ്പനിയില്‍ ഐഡിയ ഉടമകളായ ആദിത്യ ബിര്‍ള ഗ്രൂപ്പിന് 4.9 ശതമാനം ഓഹരികളുണ്ടാവും.