രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം പെട്രോള്‍ പമ്പുടമകളും വിതരണക്കാരും വിറ്റുവരവിനേക്കാള്‍ കൂടുതല്‍ പണം സമാഹരിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ആദയ നികുതി വകുപ്പ് പരിശോധന നടത്തുന്നത്. ഈ മാസം ആറ് മുതലാണ് പരിശോധന തുടങ്ങിയത്. നോട്ട് നിരോധനത്തിന് പിന്നാലെ നിശ്ചിത സമയം വരെ പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ പെട്രോള്‍ പമ്പുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. ഇത് മുതലാക്കി പഴയ 500, 1000 രൂപാ നോട്ടുകള്‍ പല പെട്രോള്‍ പമ്പ് ഉടമകളും നിക്ഷേപമായി വാങ്ങിച്ചിരുന്നെന്നും ആക്ഷേപമുണ്ടായിരുന്നു. പല പെട്രോള്‍ പമ്പ് ഉടമകളും വിതരണക്കാരും വിറ്റുവരവിനേക്കാള്‍ ശരാശരി 15 മുതല്‍ 20 ശതമാനം വരെ അധികം തുക ബാങ്കുകളില്‍ നിക്ഷേപിച്ചെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പെട്രോള്‍ പമ്പുകളില്‍ ഇപ്പോള്‍ നടക്കുന്നത് റെയ്ഡല്ലെന്നും സര്‍വ്വേയാണെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.