ദില്ലി: രാജ്യത്ത് ആദായ നികുതി അടയ്‌ക്കാത്തവരുടെ വിവര ശേഖരണം തുടങ്ങി. വന്‍ തുക ബാങ്ക് നിക്ഷേപം നടത്തിയ 18 ലക്ഷം പേര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് നടത്തിയപ്പോള്‍ റിട്ടേണ്‍ ഫയല്‍ ചെയ്തത് 2,82,92,955 പേരാണ്. 2016-16 സാമ്പത്തിക വര്‍ഷത്തില്‍ 2,26,97,843 റിട്ടേണുകളായിരുന്നു സമര്‍പ്പിക്കപ്പെട്ടത്. 24.2 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഒറ്റ വര്‍ഷം കൊണ്ടുണ്ടായത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 10 ശതമാനം വര്‍ദ്ധനവായിരുന്നു തൊട്ട് മുമ്പത്തെ വര്‍ഷത്തെക്കാളുണ്ടായത്. നോട്ട് അസാധുവാക്കല്‍, കള്ളപ്പണം തടയല്‍ തുടങ്ങിയ കാര്യങ്ങള്‍ കൊണ്ടാണ് റിട്ടേണ്‍ സമര്‍പ്പണം കൂടിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു. 21.1 ശതമാനം വര്‍ദ്ധനവോടെ റിട്ടേണ്‍ സമര്‍പ്പിച്ചവരില്‍ 2,79,00,000 പേരും വ്യക്തഗത നിക്ഷേപകരാണ്. 

നോട്ട് നിരോധനം നടപ്പാക്കിയ 50 ദിവസത്തിനുള്ളിലും അതിന് ശേഷവും വെളിപ്പെടുത്താത്ത നിക്ഷേപങ്ങള്‍ ബാങ്കിലെത്തിയെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. പ്രത്യക്ഷ നികുതിയിലും വ്യക്തിഗത നികുതിയിലും വന്‍ കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 47.79 ശതമാനമാണ് വര്‍ദ്ധനവുണ്ടായത്. അതേ സമയം ആദായ നികുതി അടയ്ക്കാതെ മുങ്ങി നടക്കുന്നവരുടെ വിവര ശേഖരണവും ഇന്‍കം ടാക്സ് വകുപ്പ് തുടങ്ങിയിട്ടുണ്ട്. നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കലിന് ശേഷം 500, 1000 രൂപാ വോട്ടുകള്‍ ഉപയോഗിച്ച് രണ്ടര ലക്ഷത്തിലധികം രൂപ നിക്ഷേപം നടത്തിയവരെയാണ് ആദ്യം അന്വേഷിക്കുന്നത്. നോട്ട് അസാധുവാക്കലിന് ശേഷം നിരവധി പേര്‍ കുടുംബാംഗങ്ങളുടെ പേരില്‍ നിക്ഷേപം നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. വന്‍ തുക നിക്ഷേപം നടത്തിയ 18 ലക്ഷം പേര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രഥമിക കണ്ടെത്തല്‍.