ദില്ലി: രാജ്യത്തിന്റെ സാമ്പത്ത് വ്യവസ്ഥയും വളര്‍ച്ചാനിരക്കും നിലനിര്‍ത്തണമെങ്കില്‍ മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന കൂടുതല്‍ ജോലികള്‍ ഇന്ത്യയിലുണ്ടാവണമെന്ന് ലോകബാങ്ക്. പലതരത്തിലുള്ള അസമത്വം നിലനില്‍ക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ആദ്യത്തെ മുന്‍ഗണന എല്ലാവര്‍ക്കും സ്ഥിരമായതും മികച്ച വേതനം ലഭിക്കുന്നതുമായ തൊഴില്‍ ലഭ്യമാക്കുക എന്നതാണെന്ന് ലോകബാങ്ക് പുറത്തു വിട്ട പ്രത്യേക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

വെറുതെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ട് കാര്യമില്ല, ആളുകള്‍ക്ക് മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന തൊഴിലുകള്‍ സൃഷ്ടിക്കാന്‍ സാധിക്കണം. മധ്യവര്‍ഗ്ഗത്തെ ശക്തിപ്പെടുത്താനുള്ള പ്രധാനമാര്‍ഗ്ഗം അവര്‍ക്ക് തൊഴില്‍ സുരക്ഷിതത്വവും മെച്ചപ്പെട്ട വേതനവും ഉറപ്പാക്കുക എന്നത് മാത്രമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി തുച്ഛമായ വേതനമാണ് ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. 

2005-നും 2012-നും ഇടയിലുള്ള കാലയളവില്‍ പ്രതിവര്‍ഷം 30 ലക്ഷം തൊഴില്‍ അവസരങ്ങള്‍ വീതം ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ ഇതേ കാലയളവില്‍ 1.30 കോടി യുവാക്കളാണ് തങ്ങളുടെ പഠനം പൂര്‍ത്തിയാക്കി തൊഴില്‍ തേടിയിറങ്ങിയത്. ജനസംഖ്യയില്‍ വര്‍ധിച്ചു വരുന്ന യുവപ്രാതിനിധ്യം ഇന്ത്യയ്ക്ക് ഒരേ സമയം അനുഗ്രഹവും ശാപവുമാണ്. രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍അന്തരീക്ഷം പരിഷ്‌കരിച്ച് പരമാവധി മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഇനി ഇന്ത്യ ശ്രമിക്കേണ്ടത്. ഇന്ത്യക്കാരുടെ വ്യക്തിഗത വരുമാനത്തില്‍ വര്‍ഷം 6.5 ശതമാനം വര്‍ധന വന്നാല്‍ പോലും രണ്ട് വര്‍ഷം കൊണ്ട് അത്ഭുതകരമായ മാറ്റങ്ങളായിരിക്കും താഴ്ന്ന വരുമാനക്കാരുടെ ജീവിതത്തിലുണ്ടാവുക.