Asianet News MalayalamAsianet News Malayalam

ഇറാന്‍ എണ്ണ: രൂപയെ മുന്നില്‍ നിര്‍ത്തി ഉപരോധം നേരിടാന്‍ ഇന്ത്യ

നിലവില്‍ യുഎസ് ബാങ്കിങ് ശൃംഖലയുമായി ബന്ധമില്ലാത്ത യൂക്കോ ബാങ്ക്, ഐഡിബിഐ എന്നിവയിലൂടെ പണം കൈമാറാനാണ് പൊതുമേഖല എണ്ണക്കമ്പനികളുടെ ആലോചന

india plan to address US siege on iran by indian rupee
Author
New Delhi, First Published Sep 21, 2018, 1:05 PM IST

ദില്ലി: നവംബര്‍ നാല് മുതല്‍ ഇറാനെതിരെ യുഎസ് ഉപരോധം നടപ്പില്‍ വരുന്നതിനെ നേരിടാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. അതിനാല്‍ തന്നെ യുഎസിന്‍റെ ഉപരോധം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രാജ്യങ്ങള്‍ ഇന്ത്യയും ചൈനയുമാണ്. നവംബര്‍ നാല് മുതല്‍ ക്രൂഡിന്‍റെ വില രൂപയില്‍ നല്‍കി ഉപരോധം നേരിടാനാണ് ഇന്ത്യ ആലോചിക്കുന്നത്.  

നവംബര്‍ നാല് മുതല്‍ ഇറാന് ഇന്ധന വില നല്‍കാനുളള രാജ്യന്തര വഴികളെല്ലാം അടയ്ക്കുമെന്ന യുഎസ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നിലവില്‍ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ ഇറാന്‍ എണ്ണയ്ക്ക് പണം നല്‍കുന്നത് യൂറോപ്യന്‍ ബാങ്കിങ് ശൃംഖലയിലൂടെയാണ്. അതിനാല്‍ തന്നെ യൂറോയ്ക്ക് പ്രാധാന്യം നല്‍കിയാണ് പണം കൈമാറുന്നത്. യുഎസ് ഉപരോധം നടപ്പില്‍ വരുന്നതോടെ ഈ കൈമാറ്റം തടസ്സപ്പെടാനാണ് സാധ്യത.

india plan to address US siege on iran by indian rupee

ഈ പ്രതിസന്ധി മറികടക്കാനാണ് ഇന്ത്യയുടെ സ്വന്തം കറന്‍സിയായ രൂപയില്‍ ക്രൂഡിന്‍റെ വില നല്‍കാന്‍ രാജ്യത്തെ ഇന്ധന കമ്പനികള്‍ പദ്ധതിയിടുന്നത്. നിലവില്‍ യുഎസ് ബാങ്കിങ് ശൃംഖലയുമായി ബന്ധമില്ലാത്ത യൂക്കോ ബാങ്ക്, ഐഡിബിഐ എന്നിവയിലൂടെ പണം കൈമാറാനാണ് പൊതുമേഖല എണ്ണക്കമ്പനികളുടെ ആലോചനയെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.

ഇക്കൊല്ലം ഇന്ത്യന്‍ പെട്രോളിയം കമ്പനികള്‍ എല്ലാം കൂടി രണ്ടരകോടി ടണ്‍ ക്രൂഡ് വാങ്ങാന്‍ പദ്ധതി ഇട്ടിരുന്നെങ്കിലും ഉപരോധത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതിന് കുറവ് വന്നേക്കാം. ഈ മാസത്തേക്കും അടുത്ത മാസത്തേക്കുമുളള ഇന്ധനത്തിന് നിലവില്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്  എണ്ണ വാങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തി.   

സൗദിയും ഇറാക്കും കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഏറ്റവും അധികം എണ്ണ നല്‍കുന്നത് ഇറാനാണ്. 2018 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ ഇന്ത്യ ഇറാനില്‍ നിന്ന് 56.7 ലക്ഷം ടണ്‍ എണ്ണ ഇറക്കുമതിയാണ് നടത്തിയത്.  

Follow Us:
Download App:
  • android
  • ios