പ്രമുഖ കണ്‍സള്‍ട്ടന്‍സി സംരംഭമായ കെപിഎംജിയും വ്യവസായ സംഘടനയായ ഫിക്കിയും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2040 മാര്‍ച്ച് മാസത്തോടെ ഇന്ത്യന്‍ വാണിജ്യ വിമാനങ്ങളുടെ എണ്ണം 2,359 ആകുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

മുംബൈ: അടുത്ത 20 വര്‍ഷം കൊണ്ട് ആഭ്യന്തര വിമാനയാത്രികരുടെ എണ്ണം ആറ് മടങ്ങ് വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്. 2040 ഓടെ ആഭ്യന്തര യാത്രികരുടെ എണ്ണം വര്‍ദ്ധിച്ച് 110 കോടിയില്‍ എത്തും. അന്താരാഷ്ട്ര വ്യോമയാന ഉച്ചകോടിയില്‍ പുറത്തിറക്കിയ 'വിഷന്‍ 2040' റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുളളത്. 

പ്രമുഖ കണ്‍സള്‍ട്ടന്‍സി സംരംഭമായ കെപിഎംജിയും വ്യവസായ സംഘടനയായ ഫിക്കിയും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2040 മാര്‍ച്ച് മാസത്തോടെ ഇന്ത്യന്‍ വാണിജ്യ വിമാനങ്ങളുടെ എണ്ണം 2,359 ആകുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ഇക്കാലയളവില്‍ 190 മുതല്‍ 200 വരെ വിമാനത്താവളങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തനമാരംഭിക്കും. ദില്ലിയിലും രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും മൂന്ന് വിമാനത്താവളങ്ങള്‍ വീതം ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 

വിമാനങ്ങളുടെ സാമ്പത്തികത്തിനും അറ്റകുറ്റപ്പണിക്കും മേല്‍നോട്ടത്തിനുമായി ശക്തമായ ഒരു ലീസിംഗ് ഇന്‍ഡസ്ട്രി ഇന്ത്യയില്‍ ഉണ്ടാകണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ചാണ് 'വിഷന്‍ 2040' റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യോമയാന വകുപ്പ് സെക്രട്ടറി ആര്‍ എന്‍ ചൗബേ പറഞ്ഞു.