ദില്ലി: നടപ്പുസാമ്പത്തിക വർഷത്തിൽ രാജ്യത്തിൻെറ സാമ്പത്തിക വളർച്ച കുറഞ്ഞെന്ന് ധനമന്ത്രി അരുൺ ജെയ്റ്റലി. 2015-16 വർഷത്തിൽ 8 ശതമാനമുണ്ടായിരുന്ന സാമ്പത്തിക വളർച്ച 2016-17-ൽ 7.1 ആയി കുറഞ്ഞെന്ന് ജെയ്റ്റലി പറഞ്ഞു. സാമ്പത്തിക വളർച്ചയിലുണ്ടായ മാന്ദ്യം രാജ്യത്തെ വ്യാവസായിക, സേവന മേഖലകളിലും പ്രതിഫലിച്ചു. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ആന്തരികവും ബാഹ്യവുമായ അനവധി കാരണങ്ങൾ സാമ്പത്തിക മാന്ദ്യത്തിന് പിന്നിലുണ്ടെന്ന് പറഞ്ഞ ജെയ്റ്റലി പക്ഷേ നോട്ട് നിരോധനത്തേയോ ജിഎസ്ടിയേയോ പരാമർശിച്ചില്ല.
ആഗോളസാമ്പത്തിക രംഗത്തുണ്ടായ മന്ദഗതിയിലുള്ള വളർച്ചയും കോർപറേറ്റ് കമ്പനികൾ നേരിടുന്ന തളർച്ചയുമെല്ലാം ഇന്ത്യയിലും പ്രതിഫലിച്ചുവെന്ന് ജെയ്റ്റലി പറയുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൻെറ കണക്കുകൾ പ്രകാരം... 2014-15-ൽ 7.5 ശതമാനവും, 2015-16 -ൽ 8 ശതമാനവും 2016-17-ൽ 7.1 ശതമാനവുമാണ് രാജ്യത്തിൻെറ ജിഡിപി നിരക്ക്. സാമ്പത്തിക വളർച്ചയിൽ മാന്ദ്യം നേരിടുന്നുവെങ്കിലും ആഗോളതലത്തിൽ തന്നെ സാമ്പത്തിക വളർച്ചയിൽ ഇന്ത്യ മുന്നിലാണെന്ന് ജെയ്റ്റലി പറഞ്ഞു.
