ദില്ലി: പ്രതിരോധ രംഗത്തേക്ക് ആവശ്യമായ ആയുധങ്ങൾ നിർ‍മിക്കുന്നതിന് ഇന്ത്യൻ കമ്പനികൾ എത്തുന്നു. വിദേശ കമ്പനികളുമായുള്ള സംയുക്ത സംരംഭങ്ങളിലൂടെയായിരുക്കും ആയുധ നിർമാണം. ആയുധങ്ങൾ നി‍ർമ്മിക്കാൻ പ്രാപ്തിയുള്ള കമ്പനികളെ കേന്ദ്രസർക്കാർ തെരഞ്ഞെടുക്കും.

ലോകത്ത് ഏറ്റവും വലിയ വ്യാപാരം നടക്കുന്ന ആയുധക്കച്ചവട രംഗത്തും ഇന്ത്യ നിര്‍ണ്ണായക ശക്തിയാവാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യന്‍ കമ്പനികള്‍ പ്രതിരോധ-ആയുധ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. യുദ്ധ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആയുധം ഘടിപ്പിച്ച വാഹനങ്ങള്‍ മുങ്ങിക്കപ്പലുകള്‍ എന്നിവ ഇന്ത്യ നിര്‍മ്മിക്കും. വിദേശ കമ്പനികളുടെ പങ്കാളിത്തത്തോടെയായിരിക്കും നിര്‍മ്മാണം. ഒരു വര്‍ഷത്തിലേറെയായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കൊപ്പം സ്വകാര്യ കമ്പനികള്‍ക്കും നിര്‍മ്മാണ കരാര്‍ ലഭിക്കും. എന്നാല്‍ ഇതില്‍ ഏതൊക്കെ കമ്പനികള്‍ ഉള്‍പ്പെടുമെന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. ടാറ്റ, മഹീന്ദ്ര, റിലയന്‍സ്, അദാനി ഗ്രൂപ്പ് അന്നിവയാണ് പ്രതിരോധ-ആയുധ-വാഹന രംഗത്തെ സ്വകാര്യ മേഖലയിലെ വമ്പന്മാര്‍. അടുത്തയാഴ്ച ആരംഭിക്കുന്ന പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിലൂടെ വിദേശ കമ്പനികളുടെ പങ്കാളിത്തത്തെപ്പറ്റിയുള്ള ധാരണയായേക്കും. ജര്‍മ്മനി, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളിലെ പ്രതിരോധ മേധാവികളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയില്‍ പ്രതിരോധ ഇടപാടുകള്‍ പ്രധാന അജണ്ടയാണെന്നാണ് സൂചന.