ദില്ലി: മൂഡിസ് ഇന്‍വെസ്റ്റേഴ്സ് സര്‍വ്വീസസ് ഇന്ത്യയുടെ വളര്‍ച്ച നിരക്കുകള്‍ കുറച്ചു. 2018 ല്‍ ഇന്ത്യയുടെ ജിഡിപി ഉയര്‍ന്ന് 7.5 എന്ന നിലയിലാവുമെന്നായിരുന്നു മൂഡിസിന്‍റെ പ്രവചനം. എന്നാല്‍ എണ്ണവില രാജ്യത്ത് ഉയര്‍ന്ന നില തുടരുന്നത് കാരണം വളര്‍ച്ച നിരക്കില്‍ കുറവ് വരുമെന്നാണ് മൂഡിസിന്‍റെ ഇപ്പോഴത്തെ പ്രവചനം.

പുതിയ പ്രവചന പ്രകാരം അത് 7.3 എന്ന നിലയിലേക്ക് താഴുമെന്നാണ് പ്രഖ്യാപനം. ഇന്ത്യന്‍ സമ്പദ്ഘടന നിക്ഷേപക മേഖലയില്‍ മുന്നേറുകയാണെങ്കിലും എണ്ണവില ഉയര്‍ന്ന് നില്‍ക്കുന്നത് ഇതിന്‍റെ ഗുണഫലം രാജ്യത്തിന് ലഭിക്കാതെ പോകാന്‍ ഇടയാവും. 2019 ല്‍ ജിഡിപി 7.5 ല്‍ തന്നെ മാറ്റമില്ലാതെ നില്‍ക്കുമെന്നും മൂഡിസ് പ്രവചിക്കുന്നു.

ഇന്ത്യയുടെ ജിഡിപി നിരക്ക് ഉയരുമെന്ന 2018 ഫെബ്രുവരിയിലെ മൂഡിസിന്‍റെ പ്രവചനം എന്‍ഡിഎ സര്‍ക്കാര്‍ വലിയ പ്രതീക്ഷയോടെയായിരുന്നു കണ്ടത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം മൂഡിസ് തന്നെ വളര്‍ച്ചാ നിരക്കില്‍ കുറവ് വരുമെന്ന് പറഞ്ഞിരിക്കുന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. വിദേശ നിക്ഷേപങ്ങളെയും സ്വദേശി നിക്ഷേപങ്ങളെയും വലിയ തോതില്‍ ബാധിക്കുന്നവയാണ് മൂഡിസിന്‍റെ പ്രവചനങ്ങള്‍. മിക്ക ബഹുരാഷ്ട്ര കമ്പനികളും മൂഡിസിന്‍റെ പ്രവചനങ്ങളെ വാര്‍ഷിക നിക്ഷേപ പദ്ധതികള്‍ ആസൂത്രണം ചെയ്യാനായി ഉപയോഗിച്ചുവരുന്നു.