മുംബൈ: രാവിലെ വ്യാപാരം തുടങ്ങിയത് മുതല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ ഉയരുന്നതായാണ് വിനിമയ വിപണിയില്‍ നിന്നും പുറത്തുവരുന്ന വിവരങ്ങള്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 37 പൈസ ഉയര്‍ന്ന് 71.19 എന്ന നിലയിലാണ്. 

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വിലയിലുണ്ടായ വന്‍ ഇടിവാണ് ഇന്ന് ഇന്ത്യന്‍ നാണയത്തിന്‍റെ മൂല്യം ഉയരാന്‍ പ്രധാനമായും സഹായിച്ചത്. 14 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ നിരക്ക്.

അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 58.66 ഡോളറാണ് ഇപ്പോഴത്തെ ക്രൂഡ് ഓയിലിന്‍റെ നിരക്ക്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നയത്തിലുണ്ടായ മാറ്റം രൂപയുടെ മുല്യം ഉയരാന്‍ സഹായിച്ചുവെന്ന് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ടവരും ബാങ്കുകളും ഡോളര്‍ വിറ്റഴിക്കുന്നതും ഇന്ത്യന്‍ നാണയത്തെ ഡോളറിനെതിരെ ശക്തിപ്രാപിക്കാന്‍ സഹായിക്കുന്നുണ്ട്.

ഇന്നലെ രൂപയുടെ മൂല്യം ഡോളറിനെതിരെ 71.56 എന്ന നിലയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.