രാവിലെ 70.99 എന്ന നിലയില്‍ വ്യാപാരം തുടങ്ങിയ രൂപ ഡോളറിനെതിരെ 23 പൈസ മൂല്യമുയര്‍ന്ന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 70.77 എന്ന നിലയിലായി. 

മുംബൈ: തിങ്കളാഴ്ച്ച വ്യാപാരത്തില്‍ രൂപ മൂല്യത്തകര്‍ച്ചയില്‍ നിന്ന് തിരിച്ചുകയറുന്നു. രാവിലെ 70.99 എന്ന നിലയില്‍ വ്യാപാരം തുടങ്ങിയ രൂപ ഡോളറിനെതിരെ 23 പൈസ മൂല്യമുയര്‍ന്ന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 70.77 എന്ന നിലയിലായി. 

നേരത്തെ, ആഗസ്റ്റ് മാസത്തില്‍ 3.6 ശതമാനമാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായത്. കഴിഞ്ഞ ദിവസം പുറത്തുവന്ന 2018 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദ ജിഡിപിയിലുണ്ടായ വര്‍ദ്ധനവാണ് രൂപയ്ക്ക് ഗുണകരമായതെന്നാണ് വിപണി നിരീക്ഷകരുടെ പക്ഷം. 2018 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുളള ഒന്നാം പാദത്തില്‍ 8.2 ശതമാനം വളര്‍ച്ചാ നിരക്ക് ജിഡിപി പ്രകടമാക്കിയിരുന്നു. 

ഉല്‍പ്പാദന മേഖല, വൈദ്യുതി, നാച്വുറല്‍ ഗ്യാസ്, ജലവിതരണം, നിര്‍മ്മാണമേഖല എന്നിവയില്‍ ഏഴ് ശതമാനത്തിന് മുകളില്‍ വളര്‍ച്ച രേഖപ്പെടുത്തിയതാണ് രാജ്യത്തിന്‍റെ ഒന്നാം പാദ വളര്‍ച്ച എട്ടിന് മുകളിലേക്ക് എത്താന്‍ സഹായിച്ചത്. ഈ മേഖലകളില്‍ ദൃശ്യമായ വളര്‍ച്ചാ ഓഹരി വിപണിയിലും പ്രതിഫലിച്ചതായാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക സൂചന.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ പാദ വളര്‍ച്ച നിരക്കുകളില്‍ ഏറ്റവും ഉയര്‍ന്ന ജിഡിപി നിരക്കാണ് ജൂണില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യ കൈവരിച്ചത്. 2016 ലെ ജനുവരി- മാര്‍ച്ച് പാദത്തില്‍ രേഖപ്പെടുത്തിയ 9.2 ശതമാനമെന്നതിന് ശേഷമുളള ഉയര്‍ന്ന നിരക്കാണ്.