പ്രിയം കൂടുതല്‍ 10,000ത്തിനും 20,000ത്തിനും ഇടയിലുളള മോഡലുകള്‍ക്ക്

ദില്ലി : ഇന്ത്യക്കാരുടെ സ്മാര്‍ട്ട് ഫോണിനോടുളള താല്‍പര്യം ദിനം പ്രതി വളരുകയാണെന്ന് ഷവോമി ഇന്ത്യയുടെ ഓണ്‍ലൈന്‍ വില്‍പ്പന വിഭാഗം മേധാവി രഘു റെഡ്ഡി. കഴിഞ്ഞ വര്‍ഷം 10 ശതമാനം വളര്‍ച്ചയാണ് സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ രാജ്യത്തുണ്ടായത്. ഈ വളര്‍ച്ച തുടരുകയാണെങ്കില്‍ അധികം വൈകാതെ യുഎസ് വിപണിയെ ഇന്ത്യ മറികടക്കും. ഇതോടെ ചൈനയ്ക്ക് പിന്നില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കെത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

10,000 ത്തിനും 20,000 ത്തിനും ഇടയില്‍ വിലയുളള മൊബൈല്‍ മോഡലുകള്‍ക്കാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളളത്. കഴിഞ്ഞ വര്‍ഷം വില്‍പ്പനയില്‍ 300 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ഷവേമിക്കുണ്ടായതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യക്കാരുടെ സ്മാര്‍ട്ട് ഫോണ്‍ പ്രണയത്തിന്‍റെ തെളിവാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന രാജ്യത്ത് കൂടുന്നതിന് ചുവടുപടിച്ച് കൂടുതല്‍ ഉല്‍പ്പാദന സ്വകര്യങ്ങള്‍ വികസിപ്പിക്കുകയാണ് ഇപ്പോള്‍ ഷവേമി ഇന്ത്യയില്‍ ചെയ്തുകൊണ്ടിരിക്കുന്നത്.