മുംബൈ: രാജ്യത്തെ പ്രമുഖ ബിസ്‌കറ്റ് നിര്‍മാണ കമ്പനിയായ പാര്‍ലെ-ജിയുടെ മുംബൈയിലെ ഫാക്‌ടറി പൂട്ടി. ലാഭകരമല്ലാതായതോടെയാണു കമ്പനിയുടെ സ്ഥാപക കാലം മുതല്‍ക്കുള്ള ഫാക്‌ടറി പൂട്ടിയത്.

രാജ്യത്തെ കോടിക്കണക്കിനു ജനങ്ങള്‍ക്കു മധുരമൂറുന്ന ഓര്‍മയാണു പാര്‍ലെ-ജി. ക്യാച്ച് ന്യൂസിന്റെ പഠനം അനുസരിച്ച് ഓരോ സെക്കന്റിലും 4551 പാര്‍ലെ-ജി ബിസ്‌കറ്റുകളാണ് വിറ്റുപോയിരുന്നത്. 60 ലക്ഷത്തോളം കടകളിലായി ഇന്ത്യയുടെ ഏത് കോണിലും പാര്‍ലെ-ജി കിട്ടുമായിരുന്നു. മുംബൈ വിലെ പാര്‍ലെ റെയില്‍വെ സ്റ്റേഷനിലൂടെ ട്രെയിനില്‍ യാത്രചെയ്തവരാരും പാര്‍ലെ ബിസ്‌കറ്റിന്റെ മണം മറക്കില്ല.

വിലെ പാര്‍ലയില്‍ കമ്പനി തുടങ്ങിയതുകൊണ്ടാണ് ബിസ്‌കറ്റിന് പാര്‍ലെ ഗ്ലൂക്കോ എന്ന് പേരിട്ടത്. 1939ലായിരുന്നു തുടക്കം. 1980ല്‍ പേര് പാര്‍ലെ-ജിയെന്ന് മാറ്റി. പാര്‍ലെ-ജിയുടെ എതിരാളി ബ്രിട്ടാണിയ ബിസ്‌കറ്റായിരുന്നു. ഒരു സമയത്ത് രാജ്യത്തെ ബിസ്‌കറ്റ് വില്‍പനയുടെ നാല്‍പത് ശതമാനവും പാര്‍ലെ-ജി കൈയടക്കി. എന്നാല്‍ പുതിയ കാലത്ത് പാര്‍ലെ-ജിക്ക് പിടിച്ചുനില്‍കാനായില്ല.

ലാഭത്തിലല്ലാതായതോടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉല്‍പാദനം കുറച്ചുകൊണ്ടുവരികയായിരുന്നു. അവസാനം 300 ജോലിക്കാര്‍ മാത്രമാണ് മുംബൈയിലെ ഫാക്‌ടറിയില്‍ ഉണ്ടായിരുന്നത്. അവരെല്ലാം വിആര്‍എസ് എടുത്തു. ഒരുതരത്തിലും ലാഭകരമാക്കാന്‍ കഴിയാത്തതുകൊണ്ടാണ് പ്രധാന ഫാക്‌ടറി പൂട്ടുന്നതെന്ന് കമ്പനിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അരൂപ് ചൗഹാന്‍ പറഞ്ഞു.