ദില്ലി: രാജ്യത്തെ വ്യാവസായിക വളര്‍ച്ചയില്‍ ഉണര്‍വ്. മെയിലെ വ്യാവസായിക വളര്‍ച്ച നിരക്ക് 1.2 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ഉപഭോക്തൃ വിലസൂചികയില്‍ ഇടിവ് രേഖപ്പെടുത്തി.

രാജ്യത്തെ വ്യവസായികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഏപ്രിലിലെ ദശാംശം എട്ട് ശതമാനത്തില്‍ നിന്ന് 1.2 ശതമാനമായാണ് മെയില്‍ വ്യാവസായിക വളര്‍ച്ച ഉയര്‍ന്നത്. വൈദ്യുതി, ഖനനം, നിര്‍മാണ മേഖലകളിലെ ഉണര്‍വ്വാണ് വ്യാവസായിക വളര്‍ച്ച നിരക്ക് ഉയര്‍ത്തിയത്. ഇതില്‍ നിര്‍മാണ മേഖലയിലാണ് ഏറ്റവും അധികം വളര്‍ച്ചയുണ്ടായത്. അടുത്ത മാസം ചേരുന്ന റിസര്‍വ് ബാങ്കിന്റെ സാന്പത്തിക അവലോകന യോഗത്തില്‍ പലിശ നിരക്കുകള്‍ കുറച്ചേക്കുന്ന പ്രതീക്ഷയും വ്യാവസായിക വളര്‍ച്ചയില്‍ പ്രതിഫലിച്ചു. ഐഐപി ഉയര്‍ന്നതോടെ രാജ്യത്തേക്കുള്ള വിദേശനിക്ഷേപത്തില്‍ വര്‍ദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.

അതേസമയം ഉപഭോക്തൃ വില സൂചികയില്‍ നേരിയ ഇടിവുണ്ടായി. 5.77 ശതമാനമാണ് ജൂണിലെ ഉപഭോക്തൃ വില സൂചിക. ഭക്ഷ്യപണപ്പെരുപ്പം ഉയര്‍ന്നതാണ് ഉപഭോക്തൃ വിലസൂചികയില്‍ പ്രതിഫലിച്ചത്. 7.79 ശതമാനമാണ് ഭക്ഷ്യപണപ്പെരുപ്പം. തക്കാളി, ഉരുളക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിവയുടെ വില ഉയര്‍ന്നതാണ് തിരിച്ചടിയായത്.