രാജ്യത്തെ മുന്‍നിര ഐ.ടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയപ്പോള്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 2000 കോടിയോളം രൂപയാണ്. കമ്പനിയുടെ ഓഹരി വില 13 ശതമാനത്തോളം ഇടിഞ്ഞ് 882.55 നിലവാരത്തിലെത്തി. സി.ഇ.ഒ വിശാല്‍ സിക്കയുടെ അപ്രതീക്ഷിത രാജിയാണ് ഓഹരി മൂല്യത്തെ ബാധിച്ചത്.

70 ശതമാനം ഓപ്പണ്‍ എന്റഡ് ഫണ്ടുകളാണ് ഇന്‍ഫോസിസില്‍ കാര്യമായി നിക്ഷേപിച്ചിരുന്നത്. എസ്.ബി.ഐ ഇ.ടി.എഫ് നിഫ്റ്റി 50, എച്ച്.ഡി.എഫ്.സി ഇക്വിറ്റി ഫണ്ട്, ആദിത്യ ബിര്‍ള സണ്‍ലൈഫ്, ഫ്രണ്ട് ലൈന് ഇക്വിറ്റി ഫണ്ട്, ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍, വാല്യു ഡിസ്കവറി ഫണ്ട്, എച്ച്.ഡി.എഫ്.സി ടോപ് 200, എസ്.ബി.ഐ ബ്ലുചിപ്പ് ഫണ്ട്, ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍ ഫോക്കസ്ഡ് ബ്ലുചിപ്പ് ഇക്വിറ്റി ഫണ്ട്, കൊട്ടക് സെലക്ട് ഫോക്കസ് ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ത്യ പ്രിമ പ്ലസ്, റിലയന്‍സ് ഇക്വിറ്റി ഓപ്പര്ച്വൂണിറ്റീസ് തുടങ്ങിയ പ്രമുഖ പത്ത് ഫണ്ടുകളാണ് 2017 ജൂലായ് 31ലെ കണക്കുപ്രകാരം ഇന്‍ഫോസിസില്‍ കാര്യമായ നിക്ഷേപം നടത്തിയിട്ടുള്ളത്.

20,000 കോടി ആസ്തിമൂല്യമുള്ള എച്ച്.ഡി.എഫ്.സി ഇക്വിറ്റി ഫണ്ടിന്റെ 6.4ശതമാനം നിക്ഷേപവും ഇന്‍ഫോസിസിന്റെ ഓഹരിയിലാണ്. 22,000 കോടി ആസ്തിയുള്ള എസ്ബിഐ ഇടിഎഫ് നിഫ്റ്റി 50 ഫണ്ട് 5.3 ശതമാനം തുകയും ഇന്‍ഫോസിസിലാണ് മുടക്കിയിട്ടുള്ളത്.