മുംബൈ: രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ അറ്റാദായം പ്രതീക്ഷിച്ചതിലും കുറവ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്‍ഫോസിസിന്റെ അറ്റാദായം 3436 കോടി രൂപയാണ്. പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ നാലര ശതമാനം കുറവാണിത്.

നടപ്പു വര്‍ഷത്തില്‍ ഇന്‍ഫോസിസിന്റെ വരുമാന വളര്‍ച്ചയില്‍ നേരിയ കുറവുണ്ടാകുമെന്നും ഇന്നു പുറത്തുവിട്ട ആദ്യ പാദ പ്രവര്‍ത്തന ഫലം പറയുന്നു. യൂറോപ്പിലെ പ്രതിസന്ധിയും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനവുമാണു വരുമാന വളര്‍ച്ച കുറയുമെന്ന വിലയിരുത്തലിനു പിന്നില്‍.

ആദ്യ പാദ പ്രവര്‍ത്തന ഫലം പ്രതീക്ഷക്കൊത്ത് ഉയരാത്തതു നിക്ഷേപകരിലും നിരാശയുണ്ടാക്കി. ഫലം പുറത്തുവന്നതിനെത്തുടര്‍ന്ന് ഇന്‍ഫോസിസ് ഓഹരി വില 100 രൂപയിലധികം താഴ്ന്ന് 1073 ലെത്തി.