സിഇഒ വിശാല്‍ സിക്കയുടെ ഏകപക്ഷീയ നിലപാടുകള്‍ക്കെതിരെയാണ് കലാപക്കൊടി ഉയരുന്നത്. അടുത്തിടെ, സിക്കയുടെ ശമ്പളം കുത്തനെ വര്‍ദ്ധിപ്പിച്ചിരുന്നു. മുന്‍ സിഎഫഒ രാജീവ് ബന്‍സാലിന് വിരമിച്ചതിനു ശേഷം 17. 40 കോടി രൂപ നല്‍കി. കേന്ദ്രമന്ത്രി ജയിന്‍ സിന്‍ഹയുടെ ഭാര്യ പുനിത സിന്‍ഹയെ ഡയരക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. കമ്പനിക്ക് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെച്ച ഈ തീരുമാനങ്ങളൊന്നും സിക്ക ഇന്‍ഫോസിസ് സ്ഥാപകരുടെ അനുമതി തേടാതെയായിരുന്നുവെന്നാണ് സൂചന. ഓഹരിയുടമകള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണവും ഇതാണ്. 

അമേരിക്കയില്‍നിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍, ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുമെന്ന് വിശാല്‍ സിക്ക ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വന്തം ശമ്പളം കുത്തനെ വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ സിക്ക കൈക്കൊണ്ടത്. മൂന്നു വര്‍ഷം മുമ്പാണ് സിക്ക ഇന്‍ഫോസിസിന്റെ തലപ്പത്ത് എത്തുന്നത്. ഇന്‍ഫോസിസിന്റെ ചരിത്രത്തിലാദ്യമായാണ് സ്ഥാപകാംഗമല്ലാത്ത ഒരാള്‍ ഇന്‍ഫോസിസിന്റെ തലപ്പത്ത് എത്തുന്നത്. ശമ്പളപ്രശ്‌നം വിവാദമായതോടെ സിക്കയെ പിന്തുണക്കുന്ന നിലപാടാണ് ഇന്‍ഫോസിസ് ചെയര്‍മാന്‍ ആര്‍ ശേഷസായി സ്വീകരിച്ചത്. എന്നാല്‍, ഓഹരിയുടമകളുടെ പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ ചെയര്‍മാന്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. ഇന്‍ഫോസിസ് സ്ഥാപകര്‍ ഇക്കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ബോര്‍ഡിന് കത്തെഴുതിയതായും സൂചനയുണ്ട്.