ദില്ലി: നവംബര്‍ എട്ടിന് നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്നശേഷം രാജ്യത്ത് 18 ലക്ഷം പേരുടെ അക്കൗണ്ടുകളില്‍ പൊരുത്തക്കേട് കണ്ടെത്തിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. വരുമാനവും ബാങ്ക് നിക്ഷേപവും തമ്മില്‍ പ്രകടമായ വ്യത്യാസമുള്ളവരുടെ അക്കൗണ്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്ക് നിയമപ്രകാരം നോട്ടീസ് അയച്ചിട്ടുണ്ടെന്നും നിരവധി പേര്‍ ഇതിനോടകം തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും ധനകാര്യ മന്ത്രി കഴിഞ്ഞ ദിവസം ലോക്സഭയെ അറിയിച്ചിരുന്നു.

നോട്ടീസ് ലഭിച്ചവര്‍ നിശ്ചിത സമയത്തിനകം മറുപടി നല്‍കാത്തവര്‍ക്കെതിരെ തുടര്‍ നടപടികള്‍ കൈക്കൊള്ളാനാണ് സര്‍ക്കാറിന്റെ തീരുമാനം. ബാങ്കിങ് മേഖലയില്‍ കൂടുതല്‍ കാര്യക്ഷമമായി ഡിജിറ്റല്‍ വത്കരണം നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഔര്‍ജ്ജിതമാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ കണക്ക് അനുസരിച്ച് രാജ്യത്തെ വിവിധ ബാങ്കുകളിലെ നിലനില്‍ക്കുന്ന അക്കൗണ്ടുകളില്‍ 29 ശതമാനവും ദീര്‍ഘകാലമായി ഇടപാടുകള്‍ നടക്കാത്തവയാണെന്നും ധനകാര്യ മന്ത്രി അറിയിച്ചു.