ഓഹരി വിപണികളില്‍ ഐ.പി.ഒകളുടെ പൂക്കാലം തുടരുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനകെ 35ഓളം കമ്പനികളാണ് ഐ.പി.ഒയുമായി വിപണിയിലെത്തിയത്. വിപണിയിലെ മികച്ച കുതിപ്പാണ് ഐ.പി.ഒകള്‍ വര്‍ദ്ധിക്കാന്‍ കാരണം. കേരളത്തില്‍ നിന്നുള്ള നിരവധി കമ്പനികളും വരും വര്‍ഷങ്ങളില്‍ ഐ.പി.ഒയ്‌ക്കായി തയ്യാറെടുക്കുന്നുണ്ട്.

പ്രാരംഭ ഓഹരി വില്‍പ്പനയുടെ കുതിപ്പിനെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ വര്‍ഷമാണ് കടന്നുപോകുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ നാല് മാസം കൂടി ബാക്കി നില്‍ക്കെ ഓഹരി വിപണിയിലെത്തിയത് 35ലധികം ഐ.പി.ഒകളാണ്. 80,000 കോടിയോളം രൂപയാണ് ഇവ സമാഹരിച്ചത്. ബി.എസ്.ഇയുടെ ഐ.പി.ഒയാണ് ഈ വര്‍ഷം ആദ്യം വിപണിയിലെത്തിയത്. ഓഹരി വിപണി തന്നെ തുടങ്ങിവെച്ച പ്രാരംഭ ഓഹരി വില്‍പ്പന ഒരുഘട്ടത്തിലും നിരാശപ്പെടുത്തിയില്ല. ആറ് കമ്പനികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് പിന്നാലെ നിക്ഷേപകരുടെ ഓഹരി തുക ഇരട്ടിയാക്കി. 

സെപ്തംബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെയാണ് ഏറ്റവുമാധികം ഐ.പി.ഒകള്‍ വിപണിയിലെത്തിയത്. മൊത്തം സമാഹരിച്ച തുകയുടെ 60 ശതമാനവും സമാഹരിച്ചത് ഇക്കാലയളവിലായിരുന്നു. 17 ശതമാനം വിഹിതവുമായി ജനറല്‍ ഇന്‍ഷുറന്‍സാണ് ഇതില്‍ മുന്നില്‍. ന്യൂ ഇന്ത്യ അഷുറന്‍സ്, എച്ച്.ഡി.എഫ്.സി ലൈഫ്, എസ്.ബി.ഐ ലൈഫ്, ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് തുടങ്ങിയവയൊക്കെ വലിയ നിക്ഷേപം കൊണ്ടുവന്നു. വിവിധ കമ്പനികളില്‍ നിക്ഷേപ അവസരം ഒരുക്കിയ ഭാരത് ഇ.ടി.എഫും നേട്ടമുണ്ടാക്കി. കൂട്ടത്തില്‍ കേരളത്തില്‍ നിന്ന് ഓഹരി വിപണിയിലെത്തിയ കൊച്ചിന്‍ ഷിപ്പ് യാര്‍ഡും നിരാശപ്പെടുത്തിയില്ല. 

2007ലെ സാമ്പത്തിക മാന്ദ്യത്തിന് പിന്നാലെ ഐ.പി.ഒ വരവ് താരതമ്യേന കുറവായിരുന്നു. എന്നാല്‍ പടിപടിയായി ഓഹരി വിപണി ഉയര്‍ന്ന് സര്‍വ്വകലാല റെക്കോര്‍ഡിലെത്തിയതോടെ പ്രാരംഭ ഓഹരി വില്‍പ്പനയും സജീവമായി. എന്നാല്‍ വലിയ ആരവത്തോടെ വിപണിയിലെത്തിയ ഓഹരികളില്‍ പലതും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ല എന്നതും ശ്രദ്ധേയമാണ്. പ്രതീക്ഷിച്ച തലത്തിലേക്ക് ഓഹരി വില ഉയരാത്തതിന് കാരണം പ്രൈസ് പെര്‍ ഏണിങ് റേഷ്യോയിലെ ഉയര്‍ന്ന മൂല്യനമാണ്. പി.ഇ നിലവാരം കൂടിയതോടെ ഐ.പി.ഒയില്‍ നേട്ടം കൈവരിക്കാനായെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ ഓഹരി വിലയിലെ നേട്ടം നിക്ഷേപകരെ കൈവിട്ടു. 

ഐ.പി.ഒ ചരിത്ര വര്‍ഷത്തിലെ നേട്ടങ്ങള്‍ അവസാനിക്കുന്നില്ല. ഫ്യൂച്ചര്‍ സപ്ലെ ചെയിന്‍ അടുത്തയാഴ്ച ഐ.പി.ഒ തുടങ്ങും. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, നാഷണല്‍ സ്റ്റോക്ക് എക്‌സ്ചേഞ്ച് എന്നിവയും പ്രാരംഭ ഓഹരി വില്‍പ്പനയ്‌ക്ക് കൃത്യമായ സമയം നോക്കിയിരിക്കുന്നു. കേരളത്തില്‍ നിന്നുള്ള കല്യാണ്‍, ജോയ് ആലുക്കാസ് എന്നിവയും ഐ.പി.ഒയ്‌ക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്.