ഇന്ധനത്തിന് ജിഎസ്ടി; പെട്രോള്‍, ഡീസല്‍ വിലകള്‍ കുത്തനെ കുറയും

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 12, Sep 2018, 4:21 PM IST
is implement gst on oil is good for buyers
Highlights

പെട്രോള്‍, ഡീസല്‍ ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ തീരുമാനം തന്നെ ആവശ്യമായി വരും. ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ ഇന്ധന വിലകള്‍ രാജ്യത്ത് വലിയ തോതില്‍ കുറയ്ക്കാനാവും. 

രാജ്യത്തെ ഇന്ധന വില കുതിച്ചുകയറുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 20 പൈസയും, ഡീസലിന് 78 രൂപ 13 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 രൂപയും ഡീസലിന് 76 രൂപ 87 പൈസയുമാണ്. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 90 ന് അടുത്തെത്തി നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ധന വില കുറയ്ക്കാനായി പെട്രോള്‍, ഡീസല്‍ ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം രാജ്യത്ത് ശക്തിപ്പെടുകയാണ്.

പെട്രോള്‍, ഡീസല്‍ ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ തീരുമാനം തന്നെ ആവശ്യമായി വരും. ഇതിനൊപ്പം വിഷയം ജിഎസ്ടി കൗണ്‍സിലില്‍ അവതരിപ്പിച്ച് അംഗീകാരം നേടുകയും വേണം.

നികുതി വിഭജനം

നിലവില്‍ കേന്ദ്ര എക്സൈസ് നികുതി, സംസ്ഥാന സര്‍ക്കാരിന്‍റെ വാറ്റ്, വിവിധ സെസ്സുകള്‍ എന്നിവ ഇന്ധന വിലയ്ക്കൊപ്പം ചേര്‍ത്ത ശേഷമുളള തുകയാണ് പമ്പുകളില്‍ പൊതുജനം നല്‍കേണ്ടിവരുന്നത്. കേന്ദ്ര എക്സൈസ് നികുതിയായി പെട്രോളിന് 19.48 രൂപയും സംസ്ഥാന വാറ്റായി 25.41 രൂപയുമാണ് ഈടാക്കുന്നത്. ഡീസലിന് ഇത് യഥാക്രമം 15.33 രൂപയും 18.28 രൂപയുമാണ്. കേരളത്തില്‍ ഒരു ലിറ്റല്‍ പെട്രോള്‍ 82 രൂപയ്ക്ക് വില്‍ക്കുകയാണെങ്കില്‍ അതിന്‍റെ യഥാര്‍ത്ഥ വില ഏകദേശം 33 രൂപയും നികുതിയും കമ്മീഷനും സെസ്സും ചേര്‍ത്ത് 49 രൂപയുമാണ് ഇടാക്കുന്നത്. അതായത് പെട്രോള്‍ വിലയെക്കാള്‍ കൂടുതലാണ് അതിന് മുകളില്‍ ചുമത്തുന്ന വില്‍പ്പന നികുതി. 

സമാനമായി ഒരു ലിറ്റല്‍ ഡീസല്‍ 77 രൂപയ്ക്ക് വില്‍ക്കുകയാണെങ്കില്‍ അതിന്‍റെ യഥാര്‍ത്ഥ വില 40 രൂപയും നികുതിയും കമ്മീഷനും സെസ്സും ചേര്‍ത്ത് ഏകദേശം 36 രൂപയുമാണ് വില്‍പ്പന വിലയായി ഇടാക്കുന്നത്. 

ജിഎസ്ടി വന്നാല്‍

ജിഎസ്ടി വന്നാല്‍ പരമാവധി നികുതിയായ നിരക്കായ 28 ശതമാനം മാത്രമാവും ഇന്ധനത്തിന് ചുമത്താനാവുക. കേന്ദ്രത്തിന് 14 ശതമാനവും സംസ്ഥാന സര്‍ക്കാരിന് 14 ശതമാനവും നികുതി വിഹിതം ഇതിലൂടെ ലഭിക്കും. ഇങ്ങനെ ഒരു നികുതി സംവിധാനം നടപ്പായാല്‍ ഇന്ധന വിലയില്‍ വലിയ കുറവുണ്ടാവും. ഇതിലൂടെ ഒരു വര്‍ഷം 1,000 കോടി രൂപയുടെയെങ്കിലും നികുതി നഷ്ടം കേരളത്തിനുണ്ടവുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, ജിഎസ്ടിക്കൊപ്പം സെസ് കൂടി ഏര്‍പ്പെടുത്തി വേണമെങ്കില്‍ നികുതി വരുമാനം കുറയാതിരിക്കാനുളള മാര്‍ഗ്ഗങ്ങളും കേന്ദ്ര സര്‍ക്കാരിന് തേടാവുന്നതാണ്.

സംസ്ഥാന വരുമാനത്തില്‍ വരുന്ന നികുതി നഷ്ടം തരാമെന്ന് സമ്മതിച്ചാല്‍ ഇന്ധനത്തിന് ജിഎസ്ടി ഏര്‍പ്പെടുത്തുന്നതിനോട് സഹകരിക്കാമെന്ന് മന്ത്രി തോമസ് ഐസക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 28 ശതമാനമെന്ന ഏറ്റവും ഉയര്‍ന്ന ജിഎസ്ടി നിരക്ക് മാത്രം ഇന്ധനത്തിന് ഈടാക്കിയാല്‍ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ വലിയ തോതില്‍ കുറയും. എന്നാല്‍, ഈ നടപടി കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വരുമാനത്തിലും വലിയ ഇടിവിന് കാരണമാവും.    

    

loader