സിഇഒ കസേരയും പ്രധാന ആശങ്കകള്‍ 

സ്വകാര്യ സ്ഥാപന/ കമ്പനി സിഇഒമാര്‍ക്ക് തങ്ങളുടെ കമ്പനിയെപ്പറ്റിയെപ്പറ്റിയുളള പ്രധാന ആശങ്കകളെന്താവും? എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? രാജ്യാന്തര തലത്തില്‍ സിഇഒമാര്‍ നേരിടുന്ന പ്രശ്നങ്ങളെയും കൂടുതല്‍ ശ്രദ്ധകൊടുക്കുന്ന വിഷയങ്ങളെക്കുറിച്ചും വിശദമായ പഠനം തന്നെ നടത്തിയിരിക്കുകയാണ് പിഡബ്യൂസി ഗ്ലോബല്‍ എന്‍റര്‍ടൈന്‍മെന്‍റ് മീഡിയ. തങ്ങളുടെ 21 മത് സിഇഒ സര്‍വേയിലാണ് പിഡബ്യൂസി കമ്പനി മേധാവിമാര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പരാമര്‍ശിക്കുന്നത്. പ്രധാനമായും മൂന്ന് പ്രശ്നങ്ങളാണ് സിഇഒമാരുടെ ഉറക്കം കെടുത്തുന്നത്. കമ്പനിയുടെ ആഗോള വിപണിയും അവിടെ നേരിടുന്ന സൈബര്‍ ഭീഷണികള്‍, ഡിജിറ്റല്‍ ടാലന്‍റിനെ ജോലിക്ക് ലഭിക്കാതിരിക്കുന്ന അവസ്ഥയാണ് രണ്ടാമത്തെ പ്രശ്നം, വിശ്വാസം, സുതാര്യത വര്‍ക്ക് കള്‍ച്ചര്‍ എന്നിവയെ സംബന്ധിച്ച പ്രശ്നങ്ങളാണ് മൂന്നാമത്തേത്. 

സൈബര്‍ ഭീഷണികളും ആഗോള വിപണിയും

സൈബര്‍ മേഖലയില്‍ നിന്നുളള പ്രശ്നങ്ങളാണ് സ്വകാര്യ കമ്പനി സിഇഒമാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് സര്‍വേ പങ്കെടുത്ത 39 ശതമാനം സിഇഒമാരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പുരോഗതി തങ്ങളുടെ കമ്പനികളില്‍ സ്ഥാപിക്കാന്‍ എല്ലാ സിഇഒമാര്‍ക്കും അതീവ താല്‍പര്യമാണ്. അത് തങ്ങളുടെ സ്ഥാപനങ്ങളുടെ തൊഴിലിന്‍റെ കാര്യക്ഷമതയും വേഗതയും വര്‍ദ്ധിക്കുമെന്നും അവര്‍ സര്‍വേയില്‍ അഭിപ്രായപ്പെട്ടു. കുടുംബ ബിസിനസ്സുകള്‍ നടത്തുന്ന 32 ശതമാനം സിഇഒമാരും സൈബര്‍ ആക്രമണങ്ങളെ ഭയക്കുന്നവരാണ്. ആഗോള വിപണിയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ തങ്ങളെ ആശങ്കയിലാക്കാറുണ്ടെന്നാണ് സിഇഒമാരുടെ അഭിപ്രായം. രാജ്യങ്ങള്‍ തമ്മിലുളള വ്യാപാര കരാറുകളും, രാജ്യന്തര കൂട്ടായ്മകള്‍ തയ്യാറാക്കുന്ന കരാറുകളും, രാജ്യങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കുമിടയില്‍ ഉടലെടുക്കുന്ന പ്രതിന്ധികളും തങ്ങളെ ബാധിക്കുമോയെന്നാണ് സിഇഒമാരുടെ ആശങ്കകള്‍.

സാങ്കേതിക മേഖലയിലെ മിടുക്കര്‍ കിട്ടാക്കനിയാവുന്നു

സര്‍വേയില്‍ പങ്കെടുത്ത 74 ശതമാനം സിഇഒമാരും കമ്പനിക്കുള്ളില്‍ അവര്‍ നേരിടുന്ന പ്രധാന പ്രശ്നമായി കാണുന്നത് സാങ്കേതിക വിദ്യയില്‍ മിടുക്കരായ ആളുകളുടെ ക്ഷാമമാണ്. പ്രതികരിച്ചവരില്‍ 50 ശതമാനം പറയുന്നത് സാങ്കേതിക വിദ്യയില്‍ അഗ്രഗണ്യരായ ജോലിക്കാരെ തങ്ങളുടെ കമ്പനികളിലേക്ക് ആകര്‍ഷിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ്. കുടുംബ ബിസിനസ് നോക്കിനടത്തുന്ന സിഇമാരുടെ കൂട്ടത്തിലും 57 ശതമാനം അഭിപ്രായപ്പെട്ടത് ഇത്തരക്കാരെ കമ്പനിക്കുള്ളില്‍ എത്തിക്കാന്‍ വലിയ വിഷമമാണെന്നാണ്. 

സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം സിഇഒമാര്‍ പറഞ്ഞത് ജീവനക്കാര്‍ക്ക് സാങ്കേതിക വിദ്യയിലെ അറിവ് വര്‍ദ്ധിപ്പിക്കാനായി തങ്ങള്‍ ഡിജിറ്റല്‍ ടാലന്‍റ് ഡെവലപ്പ്മെന്‍റ് പ്രോഗ്രാമുകള്‍ നിരന്തര വിദ്യാഭ്യാസ പരിപാടികളിലൂടെ കമ്പനികളില്‍ നടപ്പാക്കറുണ്ടെന്നാണ്. 

വിശ്വാസ്യത, സുതാര്യത, തൊഴില്‍ സംസ്കാരം

സ്വകാര്യ സ്ഥാപനം സിഇഒമാരുടെ അഭിപ്രായത്തില്‍ അവര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഘടകം വിശ്വാസ്യതയാണ്. അവരുടെ അഭിപ്രായത്തില്‍ സ്ഥാപനവും ജീവനക്കാരും തമ്മിലുളള വിശ്വാസ്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കേണ്ടതാണ്. 19 ശതമാനം സിഇഒമാര്‍ വിശ്വാസ്യത നാള്‍ക്കുനാള്‍ കുറഞ്ഞുവരുകയാണെനന്ന് പറഞ്ഞു. പൊതു മേഖലയിലെ കമ്പനികളുടെ കാര്യത്തില്‍ ഇത് 20 ശതമാനമാണ്. 

സ്വകാര്യ കമ്പനികളില്‍ 49 ശതമാനവും തങ്ങളുടെ നയരൂപീകരണത്തിലും വൈവിധ്യ വല്‍ക്കരണത്തിലും സുതാര്യ പുലര്‍ത്തുന്നതായി അഭിപ്രായപ്പെട്ടു. കുടുംബ ബിസിനസ്സുകളിലെ സിഇഒമാരിലും 47 ശതമാനവും ഇതേ അഭിപ്രായം പ്രകടിപ്പിച്ചത്. തൊഴില്‍ സംസ്കാരത്തിന്‍റെ വളര്‍ച്ചയ്ക്കായി ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്‍റെ കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കിവരുന്നതായി 56 ശതമാനം വരുന്ന കുടുംബ ബിസിനസ് സിഇഒമാർ പറഞ്ഞപ്പോള്‍ സ്വകാര്യ കമ്പനി സിഇഒമാരില്‍ 49 ശതമാനം ആളുകളാണ് ഈ അര്‍ത്ഥത്തില്‍ പ്രതികരിച്ചത്. 

ആഗോള തലത്തില്‍ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്ക് രാജ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങളുണ്ടായേക്കാമെങ്കിലും കമ്പനി മേധാവിയുടെ കസേര കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതും അഭുമുഖീകരിക്കുന്നതുമായ പ്രശ്നങ്ങള്‍ ഏറെക്കുറെ എല്ലായിടത്തും സാമ്യതയുളളതാണ്.