ജി.എസ്.ടി യാഥാര്‍ത്ഥ്യമായതിന് പിന്നാലെ വ്യാപാര സ്ഥാപനങ്ങളിലെ സോഫ്റ്റ്‍വെയര്‍ അപ്ഡേഷന്റെ മറവില്‍ സോഫ്റ്റ്‍വെയര്‍ കമ്പനികള്‍ അന്യായ തുക ഈടാക്കുന്നതായി പരാതി. കമ്പ്യൂട്ടര്‍ അധിഷ്‌ഠിത ബില്ലിങ് ഉള്ള സ്ഥാപനങ്ങളില്‍ നിന്നാണ് വന്‍ തുക ഈടാക്കുന്നത്.
ജി.എസ്.ടി അനുസരിച്ച് കടകളിലെ ബില്ലിങ് സംവിധാനം പരിഷ്കരിക്കുന്നതാണ് വ്യാപാരികള്‍ക്ക് പുതിയ തലവേദന ആയിരിക്കുന്നത്. നിലവിലെ ബില്ലിങ് സമ്പ്രദായത്തില്‍ ചെറിയ മാറ്റം വരുത്തിയാല്‍ തന്നെ പുതിയ സിസ്റ്റത്തിലേക്ക് മാറാന്‍ കഴിയും. എന്നാല്‍ 6,000 മുതല്‍ 20,000 രൂപ വരെയാണ് സോഫ്‍റ്റ്‍വെയറുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് വിവിധ കമ്പനികള്‍ വ്യാപാരികളില്‍ നിന്ന് ഈടാക്കുന്നത്. അത്യാവശ്യമാണെന്നത് മനസിലാക്കി വ്യാപാരികളെ ചൂഷണം ചെയ്യുകയാണ് ഇത്തരം സോഫ്‍റ്റ്‍വെയര്‍ കമ്പനികളെന്ന് വ്യാപാരികള്‍ കുറ്റപെടുത്തുന്നു. നിലവില്‍ ഏകീകൃതത ബില്ലിങ് സോഫ്‍റ്റ്‍വെയറല്ല കടകളില്‍ ഉപയോഗിക്കുന്നത്. തങ്ങളുടെ ആവശ്യത്തിനനുസരിച്ച് വിവിധ കമ്പനികളില്‍ നിന്ന് വാങ്ങുന്നവയാണ്. ഇവയില്‍ അതത് കമ്പനികള്‍ക്കാണ് മാറ്റം വരുത്താനും കഴിയുക. അതേസമയം ജി.എസ്.ടി യുടെ സര്‍ക്കാര്‍ സോഫ്‍റ്റ്‍വെയറിലേക്ക് ബില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ മൂന്ന് മാസത്തെ സമയം വ്യാപാരികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഓട്ടോമാറ്റിക് ബില്‍ സംവിധാനം ഇല്ലാത്തവര്‍ക്ക് എഴുതി സൂക്ഷിച്ച് ഈ സമയത്തിനകം സര്‍ക്കാര്‍ സോഫ്‍റ്റ്‍വെയറിലേക്ക് മാറ്റാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
