രാജ്യത്ത് എല്ലായിടത്തും ഐ.ടി കമ്പനികള്‍ കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ പരിഹാര നിര്‍ദ്ദേശവുമായി ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ എന്‍.ആര്‍ നാരായണ മൂര്‍ത്തി. ജോലി നഷ്ടപ്പെടുന്ന യുവാക്കളെ രക്ഷിക്കാന്‍ കമ്പനികളിലെ മുതിര്‍ന്ന ജീവനക്കാര്‍ തങ്ങളുടെ ശമ്പളത്തിന്റെ കാര്യത്തില്‍ അല്‍പ്പം വിട്ടുവീഴ്ച കാണിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.

ആദ്യമായല്ല രാജ്യത്തെ ഐ.ടി രംഗം ഇത്തരം പ്രതിസന്ധി നേരിടുന്നതെന്ന് എന്‍.ആര്‍ നാരായണ മൂര്‍ത്തി പറഞ്ഞു. മുമ്പും കടുത്ത പ്രതിസന്ധികളുണ്ടായിട്ടുണ്ട്. എന്നാല്‍ കമ്പനികളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് ഇത് പരിഹരിക്കാന്‍ കഴിയും. കൂട്ടപ്പിരിച്ചുവിടലും ഇതാദ്യമായല്ല സംഭവിക്കുന്നതെന്നതിനാല്‍ ഇത്തവണ വലിയ ആശങ്ക പടരുന്നില്ല. ജീവനക്കാരെ പിരിച്ചുവിടുന്നത് ഒരിക്കലും ശരിയായ നടപടിയല്ല. വലിയ സമ്മര്‍ദ്ദമായിരിക്കും ഇത് അവര്‍ക്ക് സമ്മാനിക്കുക. അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബത്തെയും കുട്ടികളെയും ഓര്‍ക്കേണ്ടതുണ്ട്. 2001ലും 2008ലും സംഭവിച്ചത് പോലുള്ള അവസ്ഥയാണ് ഐ.ടി രംഗത്ത് ഇപ്പോഴും. ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല. സമാന പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തില്‍ ഇന്‍ഫോസിസ് തന്നെയാണ് മാതൃക. കമ്പനികളിലെ സീനിയര്‍ മാനേജ്മെന്റ് തലത്തിലുള്ളവര്‍ ശമ്പളം അല്‍പ്പം കുറയ്ക്കാന്‍ തയ്യാറായാല്‍ പുതുതായി ജോലിക്ക് കയറുന്ന യുവാക്കളുടെ തൊഴില്‍ സംരക്ഷിക്കാനാവും. 

2001ല്‍ ഇന്‍ഫോസിസ് ഇത് ചെയ്തതാണ്. പ്രതിസന്ധിയുണ്ടായപ്പോള്‍ സീനിയര്‍ മാനേജ്മെന്റ് തലത്തിലുള്ളവരെല്ലാം ഒരുമിച്ചിരുന്നാണ് പ്രശ്നം പരിഹരിച്ചത്. യുവാക്കളുടെ തൊഴില്‍ സംരക്ഷിക്കാന്‍ അല്‍പം ത്യാഗം സഹിക്കാന്‍ അവര്‍ തയ്യാറായി. വിപണി അത്രമേല്‍ മോശമായിരുന്നതിനാല്‍ കമ്പനികളൊന്നും പുതിയ ജീവനക്കാരെ നിയമിച്ചിരുന്നില്ല. എന്നാല്‍ അപ്പോള്‍ പോലും 1500 പേരെ ഇന്‍ഫോസിസ് പുതുതായി ജോലിക്കെടുത്തു. ഇത് മാതൃകയാക്കാം. എന്നാല്‍ ഇതൊടൊപ്പം തന്നെ വിപണിയിലെ പുതിയ അവസരങ്ങള്‍ കണ്ടെത്തി പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.