ഹൈദരാബാദ്: ഇന്ത്യയും അമേരിക്കയും സംയുക്തമായി ഹൈദരാബാദില്‍ സംഘടിപ്പിയ്‌ക്കുന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മകളും വൈറ്റ് ഹൗസ് ഉപദേശകയുമായ ഇവാന്‍ക ട്രംപ് ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയെ ഇവാന്‍ക അഭിസംബോധന ചെയ്യും. ഇന്ത്യ-യു.എസ് സംരംഭകബന്ധം മികച്ചതാക്കാനുള്ള അവസരമാണിതെന്ന് ചെന്നൈയിലെ യു.എസ് കോണ്‍സുല്‍ ജനറല്‍ റോബര്‍ട്ട് ബര്‍ജസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേശകയായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള ഇവാന്‍ക ട്രംപിന്‍റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. കഴിഞ്ഞ തവണ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇവാന്‍കയെ ഇന്ത്യയിലേയ്‌ക്ക് ക്ഷണിച്ചിരുന്നു. ആ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യയും യു.എസ്സും സംയുക്തമായി സംഘടിപ്പിയ്‌ക്കുന്ന എട്ടാമത് ആഗോള സംരംഭക ഉച്ചകോടിയിലേയ്‌ക്ക് ഇവാന്‍ക എത്തുന്നത്. വനിതാസംരംഭകരുടെ വികസനമാണ് ഉച്ചകോടിയുടെ പ്രധാന പ്രഖ്യാപിത ലക്ഷ്യം. ഉച്ചകോടിയ്‌ക്ക് ശേഷവും കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള സ്‌ത്രീസംരക്ഷകരുടെ ഉന്നമനത്തിനുള്ള പദ്ധതികള്‍ തുടരുമെന്ന് കോണ്‍സുല്‍ ജനറല്‍ റോബര്‍ട്ട് ബര്‍ജസ് പറഞ്ഞു. ഇവാന്‍കയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഹൈദരാബാദില്‍ ഏര്‍പ്പെടുത്തിയിരിയ്‌ക്കുന്നത്.