ടോക്യോ: അടുത്ത വര്‍ഷം മുതല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി തിമിംഗല വേട്ട തുടങ്ങുമെന്ന് ജപ്പാന്‍ വ്യക്തമാക്കി. ബുധനാഴ്ച്ച ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ജപ്പാനെതിരെ വിവിധ പരിസ്ഥിതി സംഘടനകളും പ്രവര്‍ത്തകരും രംഗത്ത് എത്തിയിരുന്നു. എന്നാല്‍, ഇത്തരം പ്രതിഷേധങ്ങളെ അവഗണിച്ച ജപ്പാന്‍ ഇന്ന് മുന്‍ നിലപാട് ആവര്‍ത്തിച്ചു.

ഇതോടെ, ഇന്‍റര്‍നാഷണല്‍ വേലിംഗ് കമ്മീഷനില്‍ (ഐഡബ്ല്യുസി) നിന്ന് ജപ്പാന്‍ പിന്മാറുമെന്നുറപ്പായി. 1946 ല്‍ വാഷിംഗ്ടണില്‍ തിമിംഗലങ്ങളുടെ സംരക്ഷണത്തിനായി രൂപീകൃതമായ സംഘടനയാണിത്. 1982 ല്‍ ഐഡബ്ല്യുസി തിമിംഗലങ്ങളെ വേട്ടയാടുന്നത് സംബന്ധിച്ച് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നെങ്കിലും ജപ്പാനും റഷ്യയും മറ്റ് ചില രാജ്യങ്ങളും ഇതിനെ എതിര്‍ത്തിരുന്നു. 

രാജ്യത്തിന്‍റെ അധീനതയിലുളള സമുദ്രങ്ങളിലും എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിലും മാത്രമായി വേട്ട പരിമിതപ്പെടുത്തുമെന്നാണ് ജപ്പാന്‍ അറിയിച്ചത്. ഐസ്‍ലാന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങളും ജപ്പാന് സമാനമായ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. തിമിംഗലത്തിന്‍റെ മാംസത്തില്‍ വളരെ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ ഉണ്ട് അതിനാല്‍ തന്നെ ഇവയ്ക്ക് ആവശ്യകതയും കൂടുതലാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ജപ്പാനില്‍ തിമിംഗലത്തിന്‍റെ മാംസം ഉപയോഗിക്കുന്നത് വന്‍ തോതില്‍ കുറഞ്ഞിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം പട്ടിണി മൂലം പ്രതിസന്ധിയിലായ ജപ്പാന്‍ തിമിംഗല വേട്ടയെ ഏറെ ആശ്രയിച്ചിരുന്നു.