റിലയന്‍സ് ജിയോ വേഗമേറിയ ഇന്‍റര്‍നെറ്റിനായി ബ്രോഡ്ബാന്‍ഡ് സര്‍വീസ് ആരംഭിക്കുന്നു. 500 രൂപ പ്രതിമാസ വാടകയില്‍ 100 ജി.ബി ഡാറ്റയാണ് വാഗ്ദാനം. ഒരു ജി.ബി.പി.സ് ആയിരിക്കും വേഗത. ദീപാവലിക്ക് ജിയോ ബ്രോഡ്ബാന്‍ഡ് എത്തും.
ഒരു എം.ബി.പി.എസും രണ്ട് എം.ബി.പി.എസുമൊക്കെ വേഗതയുള്ള കണക്ഷനുകളില്‍ നിന്ന് ബ്രോഡ്ബാര്‍ഡ് ഇന്റര്‍നെറ്റ് അതിവേഗത്തിലേക്ക് കുതിക്കുകയാണ്. സെക്കന്റുകള്‍ക്കകം ഇനി സിനിമയും ഗെയിമുമെല്ലാം ഡൗണ്‍ലോഡ് ചെയ്യാം. രാജ്യത്തെ 100 നഗരങ്ങളില്‍ വരുന്ന ദീപാവലിക്ക് ഒരു ജി.ബി.പി.എസ് വേഗതയുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് അവതരിപ്പിക്കുമെന്ന് മുകേശ് അംബാനിയുടെ മകളും ജിയോ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഇഷ അംബാനി ട്വീറ്റ് ചെയ്തു. 100 ജി.ബി ഡേറ്റയ്ക്ക് 500 രൂപയായിരിക്കും പ്രതിമാസ വാടക.
മൊബൈല്‍ സേവനങ്ങള്‍ക്ക് പിന്നാലെ ജിയോ ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് ആരംഭിക്കുന്നത് നിലവിലുള്ള ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. പരമാവധി 20 എം.ബി.പി.എസ് വേഗതയാണ് നിലവില്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നല്‍കുന്നത്. ജിയോ ഒരു ജി.ബി.പി.എസ് വേഗത നല്‍കുമ്പോള്‍ ഈ ഉപഭോക്താക്കള്‍ കൂടുമാറുമോ എന്നാണ് ആശങ്ക. രാജ്യത്ത് രണ്ട് കോടി ഉപയോക്താക്കളാണ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഇതില്‍ 50 ശതമാനം പേരും നിലവില്‍ ബി.എസ്.എന്‍.എല്‍ വരിക്കാരാണ്. ജിയോ പ്രഖ്യാപിച്ച സൗജന്യ ഫോണ്‍ ഓഗസ്റ്റ് 15ന് പുറത്തിറങ്ങാനിരിക്കെയാണ് ബ്രോഡ്ബാന്റ് സേവനങ്ങളിലേക്ക് കൂടി റിലയന്‍സ് കാലൂന്നുന്നത്. ലോഞ്ചിങ്ങിന് മുന്നോടിയായി ജിയോ ബ്രോഡ് ബാന്‍ഡ് ആദ്യ മാസങ്ങളില്‍ സൗജന്യ സേവനം ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ദീപാവലി ഒക്ടോബര്‍ 19ന് ആയതിനാല്‍ ഇതിന് മുമ്പ് തന്നെ ജിയോ ബ്രോഡ്ബാന്‍ഡ് റിലയന്‍സ് അവതരിപ്പിക്കും.
