14 ശതമാനം വിപണി വിഹിതവുമായി നോക്കിയ രണ്ടാം സ്ഥാനം നേടി
ദില്ലി: ആഗോള ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ ഒന്നാമനായി റിലയന്‍സ് ജിയോഫോണ്‍. മറ്റൊരു ഇന്ത്യന്‍ ബ്രാന്‍ഡിനും ഇതുവരെ കൈവരിക്കാന്‍ സാധിക്കാത്ത നേട്ടമാണ് ജിയോ നേടിയിരിക്കുന്നത്. ആഗോള വിപണിയില്‍ 15 ശതമാനം വിഹിതമാണ് 4ജി ഫീച്ചര്‍ ഫോണായ ജിയോഫോണ്‍ നേടിയത്.
14 ശതമാനം വിപണി വിഹിതവുമായി ഫിന്‍ലന്‍ഡ് കമ്പനിയായ നോക്കിയ ആണ് വിപണിയില്‍ രണ്ടാം സ്ഥാനം. ആഫ്രിക്കന്‍ ബ്രാന്‍ഡായ ഐടെല്‍ മൂന്നാം സ്ഥാനത്തുമുണ്ട്. 13 ശതമാനമാണ് വിപണി വിഹിതം. 38 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് വിപണിയില്‍ രേഖപ്പെടുത്തിയിട്ടുളളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ച്ച് പാദത്തില്‍ മൊത്തം ഫീച്ചര്‍ ഫോണ്‍ ചരക്കു നീക്കത്തില്‍ 43 ശതമാനത്തോളമാണ് ഇന്ത്യയുടെ പങ്ക്. ആഗോള ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ ഫ്രീ സര്‍വ്വീസുകളുടെ ബലത്തിലാണ് ജിയോയ്ക്ക് ഇത്രയും ശക്തമായ കുതിപ്പ് നടത്താനായത്. 4ജി ഫീച്ചര്‍ ഫോണുകള്‍ക്ക് വളരെ ഉയര്‍ന്ന വിപണി സാധ്യതകളാണ് ഇന്നുമുളളതെന്ന സൂചന നല്‍കുന്നതാണ് പുറത്തുവരുന്ന കണക്കുകള്‍.
