കൊച്ചി: ധനം ബിസിനസ് മാന്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം സ്റ്റാര്‍ ഇന്ത്യ സൗത്ത് മാനേജിംഗ് ഡയറക്ടറും ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടറും ഏഷ്യാനെറ്റ് ന്യൂസ് വൈസ് ചെയര്‍മാനും കെ മാധവന്. ടെലിവിഷന്‍ ചാനല്‍ ബിസിനസ് രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം.

ഈ മാസം 23ന് കൊച്ചിയില്‍ നടക്കുന്ന പത്താമത് ധനം ബിസിനസ് സമ്മിറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുക. മലയാള ടെലിവിഷന്‍ ചാനല്‍ രംഗത്തെ മത്സരം മറികടന്ന് ഏഷ്യാനെറ്റിനെ മുന്നിലെത്തിക്കാന്‍ വഹിച്ച പങ്ക് കണ്കകിലെടുത്താണ് സ്റ്റാര്‍ ഇന്ത്യ സൗത്ത് മാനേജിംഗ് ഡയറക്ടറും ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടറും ഏഷ്യാനെറ്റ് ന്യൂസ് വൈസ് ചെയര്‍മാനും കെ മാധവനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ദക്ഷിണേന്ത്യയിലാകെ വ്യപിച്ചു കിടക്കുന്ന സ്റ്റാര്‍ സൗത്ത് ഇന്ത്യ യൂണിറ്റിന്റെ ബിസിനസ് വളര്‍ച്ചയിലും കെ മാധവന്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്ന് ജൂറി വിലയിരുത്തി.

സാമ്പത്തിക വിദഗ്ദ്ധന്‍ വേണുഗോപാല്‍ സി ഗോവിന്ദ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ എംഡിയും സിഇഒയുമായ ഡോ വി എ ജോസഫ്, മാധ്യമപ്രവര്‍ത്തകന്‍ എം കെ ദാസ്, മുന്‍ വര്‍ഷത്തെ പുരസ്‌കാര ജേതാക്കളായ സി ജെ ജോര്‍ജ്, വി കെ മാത്യൂസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ നിര്‍ണയിച്ചത്.

ജോയ് ആലുക്കാസിനാണ് ധനം എന്‍ആര്‍ഐ ബിസിനസ് മാന്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം. ബിപിസിഎല്‍ കൊച്ചി റിഫൈസനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ പണിക്കരെ ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദ് ഇയറായി തെരഞ്ഞെടുത്തു. ധനം എണ്‍ട്രപ്രണര്‍ ഓഫ് ദ് ഇയറായി ഡെന്റല്‍കെയര്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡ് എം ഡി ജോണ്‍ കുര്യാക്കോസിനെയും ധനം വുമണ്‍ എണ്‍ട്രപ്രണര്‍ ഓഫ് ദ് ഇയര്‍ ആയി റെസിടെക് ഇലക്രിക്കല്‍സ് എം ഡി ലേഖ ബാലചന്ദ്രനെയും തെരഞ്ഞടുത്തു.