കര്‍ണാടകത്തില്‍ മെട്രോ സ്റ്റേഷനുകളില്‍ തുടങ്ങിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ബാങ്കുകളിലേക്കും. കന്നട അറിയാത്ത ജീവനക്കാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കന്നട വികസന അതോറിറ്റി ചെയര്‍മാന്‍ ബാങ്കുകള്‍ക്ക് അന്ത്യശാസനം നല്‍കി. അപേക്ഷാ ഫോമുകളില്‍ കന്നട നിര്‍ബന്ധമാക്കണമെന്നും ഇല്ലെങ്കില്‍ നടപടിയുണ്ടാകുമെന്നുമാണ് ബാങ്കുകള്‍ക്കുള്ള മുന്നറിയിപ്പ്.

ബംഗളൂരു മെട്രോ സ്റ്റേഷനുകളിലെ ഹിന്ദി ബോര്‍ഡുകള്‍ക്കെതിരായ പ്രക്ഷോഭം വിജയിച്ചതിന്റെ ബലത്തിലാണ് കന്നട വികസന അതോറിറ്റിയും സംഘടനകളും പുതിയ ആവശ്യങ്ങളുമായി എത്തുന്നത്. മെട്രോയിലെ കന്നട അറിയാത്ത എഞ്ചിനീയര്‍മാരെ പുറത്താക്കണമെന്ന മുറവിളി അടങ്ങുന്നതിന് മുമ്പ് ബാങ്കുകളെയും കന്നട വാദികള്‍ ഉന്നംവയ്‌ക്കുന്നു. കന്നട അറിയാത്ത എല്ലാ ജീവനക്കാരെയും പിരിച്ചുവിടണമെന്നാണ് ബാങ്കുകള്‍ക്കുളള കന്നട വികസന അതോറിറ്റി ചെയര്‍മാന്‍ സിദ്ധരാമയ്യയുടെ അന്ത്യശാസനം. ആറ് മാസത്തിനുള്ളില്‍ ജീവനക്കാരെ കന്നട പഠിപ്പിക്കണം.ഇതിനായി പ്രത്യേക ക്ലാസ് മുറികള്‍ ബാങ്കിനോട് ചേര്‍ന്ന് സ്ഥാപിക്കണം. ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം പോര അപേക്ഷാ ഫോമുകള്‍. കന്നട നിര്‍ബന്ധമാണെന്നും മുഴുവന്‍ ബാങ്ക് മേധാവികള്‍ക്കും അയച്ച നോട്ടീസില്‍ സിദ്ധരാമയ്യ പറയുന്നു.

സ്കൂളുകള്‍ക്ക് പുറമെ ബാങ്കുകളിലും കന്നട നിര്‍ബന്ധമാക്കി നിയമം കൊണ്ടുവരാണ് പദ്ധതി. പലതവണ ആവശ്യപ്പെട്ടിട്ടും ബാങ്കുകള്‍ നിര്‍ദേശങ്ങളോട് സഹകരിച്ചില്ലെന്നും ഗ്രാമീണ മേഖലയിലെ കന്നട മാത്രം അറിയാവുന്നവര്‍ക്ക് വേണ്ടിയാണ് നടപടിയെന്നും ചെയര്‍മാന്‍ പറയുന്നു. അനുസരിച്ചില്ലെങ്കില്‍ ബാങ്കുകള്‍ ഉപരോധിക്കുമെന്ന് തീവ്ര കന്നട സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്തെ ബാങ്കുകളില്‍ ഇതരസംസ്ഥാനക്കാരായ ജീവനക്കാര്‍ 16 ശതമാനമാണെന്നാണ് കണക്ക്. ആറ് മാസത്തിനുളളില്‍ കന്നട പഠിച്ചില്ലെങ്കില്‍ ഇവരുടെ ജോലി നഷ്‌ടമാകുന്ന സ്ഥിതിയാണ്. ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് മൗനാനുവാദം നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ പുതിയ നീക്കത്തോട് പ്രതികരിച്ചിട്ടില്ല.