കണ്ണൂര്‍: ഓണ്‍ ലൈനില്‍ തരംഗമായി കണ്ണൂര്‍ കൈത്തറി ഉല്‍പന്നങ്ങള്‍. കാന്‍ലൂം എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത ജില്ലയിലെ പതിനാലോളം കൈത്തറി സൊസൈറ്റികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ്സൈറ്റുകളില്‍ ഇഷ്‌ടക്കാരേറെയാണ്. ഓണവിപണി ലക്ഷ്യമിട്ട് വില്‍പ്പന കൂട്ടാനുള്ള നീക്കത്തിലാണ് ഇവരിപ്പോള്‍.കണ്ണൂര്‍ കൈത്തറി ലഭിക്കണമെങ്കില്‍ കണ്ണൂരില്‍തന്നെ പോകണം, ബാക്കിയൊക്കെ ഡ്യൂപ്ലിക്കറ്റാണ്.കൈത്തറി വസ്‌ത്രങ്ങളെക്കുറിച്ച് പറയുമ്പോള്‍ കേള്‍ക്കുന്നതാണ് ഈ പതിവുപല്ലവി.

എന്നാല്‍ ഇനി ഒറിജിനല്‍ കൈത്തറി ഉല്‍പ്പന്നങ്ങള്‍ ലോകത്തെവിടെനിന്നും ഒറ്റ ക്ലിക്കിനപ്പുറം നമുക്കും ലഭിക്കും. ചുമ്മാ കാന്‍ലൂം എന്ന് ടൈപ്പ് ചെയ്യുകയേ വേണ്ടൂ.
ജില്ലയിലെ 14ഓളം കൈത്തറി സൊസൈറ്റികളുടെ ഉല്‍പ്പന്നങ്ങളാണ് കാന്‍ലൂം എന്ന ഒറ്റ ബ്രാന്‍ഡ്നെയിമില്‍ ഓണ്‍ലൈന്‍വഴി വില്‍പ്പനയ്‌ക്കെത്തിച്ചത്. ഒന്നരമാസം പിന്നിടുമ്പോള്‍ അമ്പരപ്പിക്കുന്ന സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ദിവസവും ആയിരക്കണക്കിനുപേര്‍ ഇപ്പോള്‍ കാന്‍ലൂമിനായി സെര്‍ച്ച് ചെയ്യുന്നുണ്ട്. കല്യാശേരി സൊസൈറ്റിയുടെ കിടക്കവിരിക്കും ചിറക്കല്‍ സൊസൈറ്റിയുടെ മുണ്ടിനുമെല്ലാം ഇപ്പോള്‍ ഇഷ്‌ടക്കാര്‍ കൂടുതലാണ്.ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയാണ് ഇത്തരമൊരു സാധ്യത ഇവരുടെ മുന്നിലേക്ക് വച്ചത്. ശരിക്കും മാതൃകയാക്കാവുന്ന ഒരു കണ്ണൂര്‍ മോഡല്‍.