Asianet News MalayalamAsianet News Malayalam

കേരളത്തിന്റെ സ്വന്തം ബാങ്ക് വരുന്നു

kerala bank
Author
First Published Jun 10, 2016, 4:31 PM IST

തിരുവനന്തപുരം: ജില്ലാ, സംസ്ഥാന സഹകരണ ബാങ്കുകള്‍ സംയോജിപ്പിച്ചു കേരള ബാങ്ക് ആരംഭിക്കുമെന്നു ധനമന്ത്രി തോമസ് ഐസക്. കേരളത്തിന്റെ ബാങ്ക് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇത് നിക്ഷേപം വര്‍ധിപ്പിക്കുകയും, സംസ്ഥാനത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും നിര്‍ണായക പങ്കു വഹിക്കുയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെ ജനങ്ങളുമായി സംവദിക്കുകയായിരുന്നു ധനമന്ത്രി.

കേരളത്തിന്റേതെന്നു പറയാന്‍ ഒരു ബാങ്ക് ഇല്ലാത്ത സ്ഥിതിയാണിപ്പോഴെന്നു ധനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണു സംസ്ഥാന സര്‍ക്കാര്‍ തന്നെ കേരളത്തിന്റേതായ ബാങ്കിനു രൂപം നല്‍കുന്നത്. സഹകരണ ബാങ്കുകള്‍ മൂന്നു തലത്തിലാണ്. ഇതു രണ്ടു തലത്തിലുള്ള സംവിധാനമാക്കി മാറ്റും. ജില്ലാ - സംസ്ഥാന സഹകരണ ബാങ്ക് സംയോജിപ്പിച്ച് ഒറ്റ ബാങ്ക് ആക്കി മാറ്റും. റിസര്‍വ് ബാങ്കിന്റെ ചട്ടവട്ടങ്ങള്‍ക്കുള്ളില്‍നിന്ന് ഈ ബാങ്കിനു പ്രവര്‍ത്തിക്കാന്‍ കഴിയും.

കേരളത്തില്‍ നിക്ഷേപം വേണമെന്നുള്ളവര്‍ക്ക് ഈ ബാങ്കില്‍ നിക്ഷേപിക്കാന്‍ അഭിനിവേശം കൂടും. സ്വകാര്യ മേഖലയുടെ വളര്‍ച്ചയ്ക്കും നിര്‍ണായക പങ്കു വഹിക്കാന്‍ ഈ ബാങ്കിനു കഴിയും. പ്രവാസി നിക്ഷേപങ്ങളും അധികമായി ആകര്‍ഷിക്കാന്‍ കഴിയും.

180000 കോടി രൂപയാണു സംസ്ഥാനത്തിന്റെ കടമെന്നു ധനമന്ത്രി അറിയിച്ചു. ഓരോ മലയാളിക്കും 50000 രൂപയുടെ ബാധ്യത സര്‍ക്കാറിന്റേതായിട്ടുണ്ട്. മൊത്തം ചെലവിന്റെ 15 ശതമാനം കടംവാങ്ങിയാണു നടത്തുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെകാലത്ത് പൊതുകടം ഇരട്ടിയായി. എല്ലാ അയ്യഞ്ചു വര്‍ഷം കൂടുമ്പോഴും സംസ്ഥാനത്തിന്റെ കടം ഇരട്ടിക്കുന്ന സാഹചര്യമുണ്ട്. ഇതു ഭീമമായ പ്രശ്നമൊന്നുമല്ല. സംസ്ഥാനത്തിന്റെ വരുമാനവും ആനുപാതികമായി വര്‍ധിക്കുന്നത്. സംസ്ഥാന വരുമാനത്തിന്റെ 26 ശതമാനമാണു കടബാധ്യതകള്‍. പത്തു വര്‍ഷം മുന്‍പ് ഇത് 30 ശതമാനത്തിനു മുകളിലായിരുന്നു. കടത്തിന്റെ വലിപ്പമല്ല പ്രശ്നം, എന്തിന് ഉപയോഗിക്കുന്നു എന്നതാണ്. യുഡിഎഫ് സര്‍ക്കാര്‍ കടം വാങ്ങിയ പണം മുഴുവന്‍ സര്‍ക്കാറിന്റെ ദൈനംദിന ചെലവിന് ഉപയോഗിച്ചു എന്നതാണു പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Follow Us:
Download App:
  • android
  • ios