Asianet News MalayalamAsianet News Malayalam

കേരള ബാങ്ക് രൂപീകരണം പ്രതിസന്ധിയില്‍, നിലപാട് കടുപ്പിച്ച് നബാര്‍ഡ്

പതിനാല് ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളെയും കഴിഞ്ഞ വർഷം ഏപ്രിലിലാണ് സർക്കാർ പിരിച്ചുവിട്ടത്. ആർബിഐ അനുമതി കിട്ടിയാൽ ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്കാക്കയിരുന്നു ലക്ഷ്യം.

Kerala bank formation in trouble due to nabard's opinion
Author
Trivandrum, First Published Jul 30, 2018, 10:52 AM IST

തിരുവനന്തപുരം: ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം അനിശ്ചിതത്വത്തിൽ. ലയനത്തിനായി റിസർവ് ബാങ്ക് പറയുന്ന നിബന്ധനകൾ സംസ്ഥാനത്തിന് ഇനിയും പൂർത്തീകരിക്കാനായിട്ടില്ല. സംസ്ഥാന സഹകരണ ബാങ്കിന്‍റെ  സാമ്പത്തിക ബാധ്യതയാണ് പ്രധാന തടസ്സം.

 പതിനാല് ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളെയും കഴിഞ്ഞ വർഷം ഏപ്രിലിലാണ് സർക്കാർ പിരിച്ചുവിട്ടത്. ആർബിഐ അനുമതി കിട്ടിയാൽ ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്കാക്കയിരുന്നു ലക്ഷ്യം. പിരിച്ചുവിട്ടവയിൽ 13 ജില്ലാ ബാങ്കുകളും ലാഭത്തിലായിരുന്നു, സംസ്ഥാന സഹകരണ ബാങ്ക് ആകട്ടെ കോടികളുടെ നഷ്ടത്തിലും. ലാഭത്തിൽ പോയ ജില്ലാ ബാങ്കുകളെ നഷ്ടത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കുന്നത് റിസർവ് ബാങ്ക് ചട്ടത്തിന് വിരുദ്ധമാണ്. 

സംസ്ഥാന സഹകരണ ബാങ്കിന് നബാർഡ് നൽകിയ കോടികളുടെ വായ്പയുണ്ട്. വായ്പയുടെ ബാധ്യത ആര് ഏറ്റെടുക്കുമെന്നാണ് നബാർഡ് റിസർവ് ബാങ്കിനോട് ചോദിക്കുന്നത്. വായ്പയുടെ കാര്യത്തില്‍ നബാര്‍ഡ് നിലപാട് കടുപ്പിച്ചത് സര്‍ക്കാരിനെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്. റബ്കോ പോലുള്ള സഹകരണ സ്ഥാപനങ്ങളുടെ കിട്ടാക്കടം വേറെ. സാമ്പത്തിക ബാധ്യതയില്‍ ധനവകുപ്പും മൗനത്തിലാണ്. 

ലയനത്തിനുള്ള അനുമതി കിട്ടിയാലും പ്രവാസി നിക്ഷേപം സ്വീകരിക്കൽ , എടിഎം ശൃംഖല, ഇന്‍റർനെറ്റ് ബാങ്കിംഗ് എന്നിവയ്ക്കും ആർബിഐയുടെ പ്രത്യേകം ലൈസൻസുകൾ വേണം. അതേസമയം, സർക്കാർ ഗ്യാരന്‍റി മുൻനിർത്തി സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്നും ആർബിഐ അനുമതി ഉടൻ ലഭിക്കുമെന്നുമാണ് സഹകരണ വകുപ്പിന്‍റെ പ്രതികരണം. 

Follow Us:
Download App:
  • android
  • ios