സംസ്ഥാനത്ത് കേരളാ ബാങ്ക് ഉടന്‍ ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് അറിയിച്ചു. സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചാണ് കേരളാ ബാങ്ക് യാഥാര്‍ത്ഥ്യമാകാനൊരുങ്ങുന്നത്. നിയമ-സാങ്കേതിക വശങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിദഗ്ധ സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കും.

14 ജില്ലാ സഹകരണ ബാങ്കുകള്‍ക്കും സംസ്ഥാന സഹകരണ ബാങ്കിനുമായുള്ള 820 ശാഖകളിലായി ആകെ 1.26 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. എല്ലാം ചേര്‍ത്ത ഒരൊറ്റ ബാങ്കാണ് കേരളാ ബാങ്കിന്റെ പ്രാഥമിക സങ്കല്‍പ്പം. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അംഗത്വമുണ്ടാകും. സംസ്ഥാന-ജില്ലാ-പ്രാഥമിക സംഘങ്ങളെന്ന ത്രിതല സഹകരണ വായ്പാ സംവിധാനം ഇതോടെ രണ്ട് തട്ടിലേക്ക് മാറുന്ന അവസ്ഥയുമുണ്ടാകും. വലിയ പ്രതീക്ഷയാണ് കേരളാ ബാങ്കുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് ഉള്ളതെന്നും നടപടികള്‍ വേഗത്തിലാക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ബാങ്ക് രൂപീകരണത്തിന്റെ നിയമ സാങ്കേതിക വശങ്ങളും സാധ്യതകളും പഠിക്കാന്‍ ബംഗലൂരു ഐ.ഐ.എം പ്രൊഫ. എം.എസ് ശ്രീരാം അദ്ധ്യക്ഷനായ അഞ്ചംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം കിട്ടുമെന്നാണ് പ്രതീക്ഷ. അതേസമയം സഹകരണ സംഘങ്ങളെ അസാധുവാക്കി ബാങ്ക് രൂപീകരണവുമായി മുന്നോട്ട് പോകുന്നതിനെതിരെ പ്രതിപക്ഷ പ്രതിഷേധവും ശക്തമാണ്. ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണ സമിതികള്‍ അപ്രസക്തമാക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെയും പ്രതിഷേധം പുകയുകയാണ്. നടപടി ചോദ്യം ചെയ്ത് ഭരണ സമിതികള്‍ നിയമ നടപടിക്കൊരുങ്ങിയേക്കുമെന്നും സൂചനയുണ്ട്.