തിരുവനന്തപുരം: കേരളം അഭിമുഖീകരിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു കരയേറാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചും, വികസനം, ക്ഷേമം, പരിസ്ഥിതി, സംരക്ഷണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയും, പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. 2008ലേതിനേക്കാള്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണു നിലവിലുള്ളതെന്നു ബജറ്റ് പ്രസംഗത്തില്‍ തോമസ് ഐസക് ചൂണ്ടിക്കാട്ടി. ഇതു മറികടക്കുന്നതിന് 12000 കോടി രൂപയുടെ മാന്ദ്യ വിരുദ്ധ പാക്കെജ് ബജറ്റില്‍ പ്രഖ്യാപിച്ചു. നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും ബജറ്റ് മുന്നോട്ടുവയ്ക്കുന്നു.

12000 കോടിയുടെ മാന്ദ്യ വിരുദ്ധ പാക്കെജും ഭൂമി ഏറ്റെടുക്കുന്നതിനുള്ള 8000 കോടി രൂപയുമടക്കം 20000 കോടി രൂപയുടെ സമഗ്ര പാക്കെജാണു ഡോ. ഐസക് തയാറാക്കിയിരിക്കുന്നത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്(കിഫ്ബി) വഴി ബജറ്റിനു പുറത്തു ധനസമാഹരണം നടത്തും. മോട്ടോര്‍ വാഹന നികുതിയുടെ ഒരു വിഹിതം കിഫ്ബിക്കു ലഭിക്കുന്നതിനു നിയമ നിര്‍മാണം നടത്തും. പെട്രോള്‍ സെസ്സും ഇതിലേക്കു ചേര്‍ക്കും.

കഴിഞ്ഞ ഇടതു സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികളുടെ തുടര്‍ച്ചയെന്ന രീതിയിലായിരുന്നു ഒട്ടുമിക്ക ബജറ്റ് പ്രഖ്യാപനങ്ങളും. എല്ലാ സാമൂഹ്യ ക്ഷേമ പെന്‍ഷനുകളും 1000 രൂപയാക്കി ഉയര്‍ത്തി. 1000 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ അധിക വിലയിരുത്തലുള്ളത്. പെന്‍ഷന്‍ കുടിശികകള്‍ ഓണത്തിനു മുന്‍പു കൊടുത്തുതീര്‍ക്കും. തൊഴിലുറപ്പു പദ്ധതിയില്‍പ്പെട്ടവര്‍ക്കു പെന്‍ഷന്‍ നല്‍കും.

എല്ലാ രോഗങ്ങള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സയെന്ന ശ്രദ്ധേയ നിര്‍ദേശം ബജറ്റിലുണ്ട്. ആര്‍എസ്ബിവൈ പദ്ധതി വ്യാപിപ്പിക്കും. ക്യാന്‍സര്‍, ഹൃദ്രോഗം, പക്ഷാഘാതം, കരള്‍, വൃക്ക രോഗങ്ങള്‍, തലച്ചോറിലെ ട്യൂമര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കും. 1000 കോടിയുടെ ഇന്‍ഷ്വറന്‍സ് പദ്ധതിയും ബജറ്റില്‍ വിഭാവനം ചെയ്യുന്നു.

കാര്‍ഷിക മേഖലയ്ക്ക് 600 കോടി രൂപയാണു ബജറ്റ് നല്‍കുന്നത്. പച്ചക്കറി സ്വയംപര്യാപ്തതയ്ക്കായി ഒരു ജനകീയ ക്യാംപെയിന്‍ ബജറ്റില്‍ പറയുന്നു. നെല്‍വയല്‍ നികത്തുന്നതിനു കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന വ്യവസ്ഥകള്‍ റദ്ദാക്കും. റബര്‍ വിലസ്ഥിരതാ ഫണ്ടിനും നെല്ല് സംഭരണത്തിനുമായി യഥാക്രമം 500 കോടി, 385 കോടി വീതം അനുവദിച്ചു.

ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിനായി മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയുടെ നവീകരണത്തിന് 1000 കോടി നീക്കിവച്ചു. മാന്ദ്യ വിരുദ്ധ പാക്കെജില്‍നിന്നാകും ഈ തുക അനുവദിക്കുക.

അധിക വിഭവ സമാഹരണത്തിന്റെ ഭാഗമായി പാക്കറ്റ് ആട്ട, മൈദ, സൂചി, റവ, ബസ്മതി അരി, വെളിച്ചെണ്ണ എന്നിവയ്ക്ക് അഞ്ചു ശതമാനം നികുതി വര്‍ധിപ്പിച്ചു. ബര്‍ഗര്‍, പിസ, ടാക്കോസ്, ഡോനട്സ്, സാന്‍ഡ്‌വിച്, ബര്‍ഗര്‍-പാറ്റി, പാസ്ത തുടങ്ങിയവയ 14.5 ശതമാനം നികുതി ഏര്‍പ്പെടുത്തിയതിനാല്‍ ഇവയുടെ വില കൂടും. തുണിയുടെ മേല്‍ കഴിഞ്ഞ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒരു ശതമാനം നികുതി രണ്ടിലേക്ക് ഉയര്‍ത്തി.

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം, ഒഴിമുറി, ദാനം, ധനനിശ്ചയം എന്നീ ആധാരങ്ങളുടെ മുദ്രവില മൂന്നു ശതമാനമാക്കി വര്‍ധിപ്പിച്ചു. വിലയാധാരങ്ങള്‍ക്ക് നിലവിലുള്ള ആറു ശതമാനം മുദ്രവില എട്ടു ശതമാനമാക്കും. ചരക്കു വാഹനങ്ങളുടെ നികുതിയും സ്റ്റേജ് മാനദണ്ഡത്തില്‍ പരിഷ്കരിച്ചിട്ടുണ്ട്.