ദില്ലി; കേരളത്തിലെ 90 ശതമാനം വീടുകളിലും ടിവിയുണ്ടെന്നും, 30 ശതമാനത്തോളം മലയാളികള്‍ റേഡിയോ ശ്രവിക്കുന്നവരാണെന്നും സര്‍വ്വേ റിപ്പോര്‍ട്ട്. ഏറ്റവും പുതിയ ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വ്വേയിലാണ് ഈ വിവരങ്ങളുള്ളത്. 93 ശതമാനം വീട്ടിലും ടിവിയുള്ള തമിഴ്‌നാട് കഴിഞ്ഞാല്‍ (തമിഴ്‌നാട്ടില്‍ കഴിഞ്ഞ ജയലളിത സര്‍ക്കാരിന്റെ കാലത്ത് സൗജന്യമായി ടെലിവിഷന്‍ വിതരണമുണ്ടായിരുന്നു) ടെലിവിഷന്‍ സാന്ദ്രതയില്‍ രാജ്യത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. ദേശീയതലത്തില്‍ 61 ശതമാനമാണ് ടിവി സാന്ദ്രത

ഹിമാചല്‍ പ്രദേശില്‍ 87 ശതമാനം വീടുകളിലും ആന്ധ്രാപ്രദേശില്‍ 80 ശതമാനം വീടുകളിലും ടിവിയുണ്ട്. എന്നാല്‍ ബീഹാറിലെ അവസ്ഥ ദയനീയമാണ് 2011-ല്‍ 15 ശതമാനം വീടുകളിലാണ് ടിവിയുണ്ടായിരുന്നതെങ്കില്‍ ആറ് വര്‍ഷം കഴിഞ്ഞപ്പോള്‍ അത് 22 ശതമാനമം ആയി മാത്രമേ ഉയര്‍ന്നിട്ടുള്ളൂ. ജാര്‍ഖണ്ഡില്‍ 40 ശതമാനവും അസമില്‍ 45 ശതമാനവും വീട്ടില്‍ മാത്രമേ ടിവിയുള്ളൂ. ഉത്തര്‍പ്രദേശ്- 42%, മധ്യപ്രദേശ് -46% എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ടിവി സാന്ദ്രത. റേഡിയോയുടെ കാര്യത്തില്‍ മണിപ്പൂര്‍, ഡല്‍ഹി, സിക്കിം, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ 30 ശതമാനത്തിലേറെ പേര്‍ റേഡിയോ ശ്രോതാക്കളാണ്. 53 ശതമാനം പേരും റേഡിയോ ശ്രോതാക്കളായ കാണ്‍പൂരാണ് ദേശീയതലത്തില്‍ മുന്നിലുള്ള നഗരം. 

സിനിമാ ആസ്വാദകരുടെ കാര്യത്തില്‍ ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍. ഈ മൂന്ന് സംസ്ഥാനങ്ങളിലേയും 8ശതമാനത്തില്‍ കൂടുതല്‍ പേര്‍ സ്ഥിരമായി തീയേറ്ററുകളിലെത്തി സിനിമ കാണുന്നവരാണ്. കേരളം,സിക്കിം,ഡല്‍ഹി യുടി, കര്‍ണാടക, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ 5 മുതല്‍ എട്ട് ശതമാനം വരെ പേര്‍ സ്ഥിരമായി തീയേറ്ററുകളില്‍ സിനിമയ്‌ക്കെത്തുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ രണ്ട് മുതല്‍ അഞ്ച് ശതമാനം പേര്‍ വരെ സ്ഥിരം സിനിമാപ്രേമികളാണ്. ബാക്കിയുള്ള സംസ്ഥാനങ്ങളിലെല്ലാം രണ്ട് ശതമാനത്തിനും താഴെപേര്‍ മാത്രമാണ് തീയേറ്ററുകളില്‍ സ്ഥിരമായി പോവാറുള്ളത്.