പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി തോമസ് ഐസക് നാളെ അവതരിപ്പിക്കും. നെല്‍കൃഷി മേഖലയിലെ നിലവിലെ പ്രതിസന്ധികള്‍ക്കുള്ള പരിഹാരമാണ് ബജറ്റില്‍ നിന്ന് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. നിലച്ചുപോയ ഇന്‍ഷുറന്‍സ് പദ്ധതിയും, നെല്ല് സംഭരണത്തിന് പ്രത്യേക ഫണ്ടെന്ന ആവശ്യവും പരിഗണിക്കുമെന്ന വിശ്വാസത്തിലാണ് നെല്‍ കര്‍ഷകര്‍.

നെല്ലറയുടെ ചൂടും ചൂരുമറിയുന്ന ധന മന്ത്രി ഇത്തവണ നിരാശപ്പെടുത്തില്ലെന്ന വിശ്വാസത്തിലാണ് നെല്‍ കര്‍ഷകര്‍. സംഭരിക്കുന്ന നെല്ലിന് പലതവണകളിലായി പണം നല്‍കാതെ ഒറ്റത്തവണയായി നല്‍കാനുള്ള പ്രത്യേക ഫണ്ട്. കേന്ദ്രവിഹിതം ഉള്‍പ്പെടുത്തി കൊണ്ടുള്ള റിവോള്‍വിംഗ് ഫണ്ടെന്ന ആശയം നടപ്പിലായാല്‍ കര്‍ഷകര്‍ക്കത് വലിയ നേട്ടമാകും. വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ പുനരുജ്ജീവനം. ഒരു ക്വിന്റല്‍ നെല്ലിന് 12 രൂപ ഹാന്‍ഡിലിംഗ് ചാര്‍ജ്ജ് നല്‍കുന്ന 2002ലെ തീരുമാനത്തില്‍ കാലാനുസൃതമായ മാറ്റം. പകുതിയില്‍ നഷ്‌ടമായ കുട്ടനാട് പാക്കേജില്‍ ബാക്കിവച്ച കാര്‍ഷിക മേഖലയിലെ അടിസ്ഥാന വികസനത്തിനുള്ള ബൃഹത് പദ്ധതി. പുറംബണ്ട് നിര്‍മ്മാണവും , കനാലുകളുടെ നവീകരണത്തിനും ഊന്നല്‍ നല്‍കണം. കുട്ടനാട്ടിലൂടെ നീരൊഴുക്ക് നിലച്ചത് കൃഷി, ആരോഗ്യ രംഗങ്ങളില്‍ വന്‍ വെല്ലുവിളി ഉയര്‍ത്തുന്നു.

റൈസ് പാര്‍ക്ക് ഉള്‍പ്പടെയുള്ള പ്രഖ്യാപനത്തിലൊതുങ്ങിയ പദ്ധതികളിലും പച്ചമഷി വീഴുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. കര്‍ഷക ദുരിതങ്ങള്‍ ഒരു പാക്കേജായി പരിഗണിക്കണമെന്ന സംഘടനകളുടെ ആവശ്യവും ധനമന്ത്രിക്ക് മുന്നിലുണ്ട്.