സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇത് നേരിടാന്‍ ഊര്‍ജ്ജിത നടപടി തുടങ്ങി. കുടിവെള്ള പ്രശ്നം നേരിടാന്‍ കളക്ടര്‍മാര്‍ക്ക് പ്രത്യേക ഫണ്ട് നല്‍കി. റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തുവെന്ന് പറഞ്ഞ ഗവര്‍ണര്‍, നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാറിനെയും വിമര്‍ശിച്ചു. നോട്ട് നിരോധനം സാധാരണക്കാര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കി. സഹകരണ മേഖല ഒന്നാകെ നിശ്ചലമായെന്നും റവന്യൂ വരുമാനം കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനം ഉറപ്പുവരുത്താന്‍ സമഗ്ര പദ്ധതി ആവിഷ്കരിക്കും. മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരും. ആറ് മേഖലകളെ ലക്ഷ്യമിട്ട് നവ കേരള വികസന പദ്ധതി കൊണ്ടുവരും.ജൈവകൃഷി പ്രോത്സാഹിപ്പിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക സ്വയം പര്യാപ്തത നേടും.വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ നിലവാരം ഉയര്‍ത്തും. പദ്ധതികളില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് മുന്‍ഗണന. ഭവന രഹിതര്‍ക്കായി 4.2 ലക്ഷം വീടുകള്‍ നിര്‍മ്മിക്കും. പെന്‍ഷന്‍ വിതരണം ഡിജിറ്റലാക്കും. നെറ്റ്, കോര്‍ ബാങ്കിങ് സംവിധാനം വഴി പെന്‍ഷന്‍ വിതരണം കാര്യക്ഷമമാക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതികള്‍ തയ്യാറാക്കും. ക്ലാസ് റൂമുകളെ ഡിജിറ്റലാക്കും. കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും. ദേശീയപാതാ വികസനം, സ്മാര്‍ട് സിറ്റികള്‍ എന്നിവ വേഗത്തിലാക്കും. പ്രവാസികള്‍ തിരിച്ചെത്തുന്ന അവസ്ഥ സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.