ബജറ്റ് ചോര്‍ച്ചാ വിവാദം തീരുന്നില്ല. ധനമന്ത്രിയെ സംരക്ഷിച്ച് ഉദ്യോഗസ്ഥനെ പഴിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. ബജറ്റ് ആകെ ചോര്‍ന്നു എന്ന് പറയാനാകില്ല. ഒരു വ്യക്തി ചിലവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുക മാത്രമാണുണ്ടായത്. ഒരു ദിനപത്രം ബജറ്റിലെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത കാര്യമായി എടുക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പറ്റിയത് അബദ്ധമെന്ന് ധനമന്ത്രി തോമസ് ഐസക്കും വിശദീകരിച്ചു. ഇക്കാര്യത്തില്‍ നിയമസഭയില്‍ വിശദീകരണം നല്‍കാന്‍ തയ്യാറാണെന്നും ഐസക് ആലപ്പുഴയില്‍ പറഞ്ഞു.

എന്നാല്‍ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥനെ ബലിയാടാക്കി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്ന് പ്രതിപക്ഷം പ്രതികരിച്ചു. പരസ്യമായി പിന്തുണക്കുമ്പോഴും ധനമന്ത്രിക്കെതിരായ മുറുമുറുപ്പ് സ്വന്തം പാര്‍ട്ടിയിലുമുണ്ട്. പ്രതിസന്ധികാലത്ത് നല്ല ബജറ്റ് അവതരിപ്പിച്ചിട്ടും സര്‍ക്കാര്‍ പ്രതിരോധത്തിലായി. അവസരം പരമാവധി മുതലാക്കി നിയമസഭയിലെ ബജറ്റ് ചര്‍ച്ചയില്‍ വിവാദം ആളിക്കത്തിക്കാന്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ നീക്കം.