കിഫ്ബി വഴി 18000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകിയെങ്കിലും രണ്ട് വര്‍ഷത്തിനിടെ ചെലവഴിച്ചത് 320 കോടി രൂപ മാത്രം. ധനസമാഹരണത്തിന് പ്രഖ്യാപിച്ച പ്രവാസി ചിട്ടികൾക്കുള്ള സോഫ്ട്‍വെയർ പോലും ഇനിയും പൂർത്തിയായിട്ടില്ല . നിലവിലെ സാഹച്യത്തിൽ ഇത്തവണത്തെ ബജറ്റിൽ കിഫ്ബി വഴി പുതിയ പദ്ധതി പ്രഖ്യാപനങ്ങൾ ഉണ്ടാകാനിടയില്ല .

കിഫ്ബി വഴി ഇതുവരെ ആകെ 276 പദ്ധതികൾ. 18, 939 കോടിയുടെ പ്രവര്‍ത്തികൾക്കാണ് അംഗീകാരം. പൊതുമരാമത്ത് റോഡുകളും പാലങ്ങളും ആരോഗ്യമേഖലയിൽ കാത്ത് ലാബുകൾ അടക്കം ചില ചെറുകിട പദ്ധതികളും മാത്രമാണ് നിര്‍മ്മാണമാരംഭിച്ചത്. ചെലവഴിച്ചത് വെറും 320 കോടി. 600 ഏക്കറിൽ 1264 കോടി മുടക്കുമെന്ന് പ്രഖ്യാപിച്ച കൊച്ചി പെട്രോ കെമിക്കൽ ഫാര്‍മ പാര്‍ക്ക് പ്രാരംഭഘട്ടം പോലും ആയില്ല. വൈദ്യുതി വിതരണത്തിന് 5000 കോടി മുടക്കുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അനുമതി കിട്ടിയത് 138 കോടിയുടെ സബ്സ്റ്റേഷൻ നിര്‍മ്മാണത്തിന് മാത്രം . 823 കോടി രൂപയുടെ കെ ഫോണ്‍ പദ്ധതിക്ക് ടെന്റര്‍ പോലും ആയില്ല . മോട്ടോർ വാഹന നികുതിയിനത്തിൽ 2017 ൽ സമാഹരിച്ചത് 621 കോടി രൂപ. ഇന്ധന സെസ്സ് 421 കോടിയും . ആകെ 1042 കോടി രൂപയാണ് കിഫ്ബി ഫണ്ടിലേക്ക് സര്‍ക്കാര്‍ നീക്കിയിരിപ്പ്. പ്രവാസി ചിട്ടികൾ ബാങ്ക് വായ്പ കടപത്രങ്ങൾ എന്നിവ വഴി ധനസമാഹരണമാണ് ലക്ഷ്യം. ക്രഡിറ്റ് റേറ്റിംഗ് ഏജൻസിയായി ക്രിസിലിന്റെ എപ്ലസ് റേറ്റിംഗ് കിട്ടിയ സാഹചര്യത്തിൽ വായ്പ ഒരു തടസമാകില്ലെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടൽ . പക്ഷെ എത്ര നിക്ഷേപം വരുമെന്നോ എങ്ങനെ വരുമെന്നോ വ്യക്തതയില്ലെന്നും വായ്‍പാ തിരിച്ചടവ് വൻ സാമ്പത്തിക ബാധ്യതയാകുമെന്നാണ് വിമര്‍ശനം.

അതേസയമം സ്വാഭാവിക കാലതാമസം മാത്രമെന്ന വിശദീകരണമാണ് ധനവകുപ്പിന്. പുതിയ പദ്ധതികൾ ഉണ്ടാകില്ലെന്നല്ല, മറിച്ച് അടിസ്ഥാന സൗകര്യവികസന മേഖലയിൽ പ്രഖ്യാപിച്ച 50000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ അഞ്ച് വര്‍ഷത്തിനകം തീര്‍ക്കുകയാണ് ലക്ഷ്യമെന്നും ധനവകുപ്പ് പറയുന്നു.