2024-25 സാമ്പത്തിക വർഷത്തിൽ ലോട്ടറിയിൽ നിന്ന് ആകെ വരുമാനം 13244 കോടി രൂപയാണെങ്കിലും മൊത്തം ചെലവ് 12222 കോടി രൂപയാണെന്നും വീഡിയോയിൽ പറയുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർ​ഗം ലോട്ടറിയാണെന്ന പ്രചാരണം തെറ്റാണെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം ലോട്ടറി വരുമാനത്തെ സംബന്ധിച്ച് കണക്കുനിരത്തുന്ന വീഡിയോ പുറത്തുവിട്ടു. ലോട്ടറിയിൽ നിന്ന് ഒരു വർഷം വെറും 1022 കോടി രൂപ മാത്രമാണ് ലാഭമെന്ന് അദ്ദേഹം പറഞ്ഞു. 2024-25 സാമ്പത്തിക വർഷത്തിൽ ലോട്ടറിയിൽ നിന്ന് ആകെ വരുമാനം 13244 കോടി രൂപയാണെങ്കിലും മൊത്തം ചെലവ് 12222 കോടി രൂപയാണെന്നും വീഡിയോയിൽ പറയുന്നു. ലാഭം വെറും 1022 കോടി രൂപയാണെന്നും പറയുന്നു. മൊത്തം തനതുവരുമാനത്തിന്റെ വെറും ഒരുശതമാനം മാത്രമാണ് ലോട്ടറിയിൽ നിന്ന് ലഭിച്ചത്. മൊത്തം വരുമാനത്തിന്റെ അരശതമാനം പോലും ലോട്ടറിയിൽ നിന്ന് ലഭിക്കുന്ന വരുമാനം വരില്ലെന്നും വീഡിയോയിൽ പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

സംസ്ഥാനസർക്കാരിനെക്കുറിച്ച് നിക്ഷിപ്ത താല്പര്യമുള്ള മാധ്യമങ്ങളും ചില 'സാമ്പത്തിക വിദഗ്ദ്ധരും നടത്തുന്ന വ്യാജപ്രചാരണമാണിത്. ലോട്ടറിക്കച്ചവടമാണ് സംസ്ഥാനത്തിന്റെ തനത് വരുമാനത്തിന്റെ സിംഹഭാഗവും എന്നമട്ടിലാണ് പ്രചാരണം. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. അത് പൊതുജനം അറിഞ്ഞിരിക്കേണ്ടതുമാണ്. സത്യമറിയേണ്ടവർക്ക് ലളിതമായ ഭാഷയിൽ കാര്യം മനസിലാക്കാം...