പ്ലിംഗ്: ഓഹരി നിക്ഷേപത്തിലൂടെ 1.3 കോടി സമാഹരിച്ച കേരള സ്റ്റാര്‍ട്ട്‌അപ്പ്

കൊച്ചി: കായ ഉപ്പേരിയും കപ്പ വറുത്തതും വിറ്റ് പ്ലിംഗ് (PLiNG) നേടിയത് 1.3 കോടി. ഓഹരി നിക്ഷേപത്തിലൂടെ ഇത്ര വലിയ തുക സമാഹരിച്ച പ്ലിംഗ് കേരളത്തിലെ ആദ്യ എഫ്.എം.സി.ജി (fast-moving consumer goods) സ്റ്റാര്‍ട്ട്‌ ആപ്പ് ആണ് 'പ്ലിംഗ്'. 

സാധാരണ ഗതിയില്‍ വന്‍കിട കമ്പനികള്‍ മാത്രം മത്സരിക്കുന്ന എഫ്.എം.സി.ജി മേഖലയിലേക്ക് പ്ലിംഗ് കടന്നു വന്നത് 2016 ല്‍ ആണ്. മൂന്നു സ്വാദുകളാണ് ആദ്യം വിപണിയില്‍ ഇറക്കിയത്. ഇതിന്‍റെ വിജയത്തെത്തുടര്‍ന്ന് അഞ്ചു സ്വാദുകളില്‍ കപ്പ, കായ ഉപ്പേരി ഇറക്കുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ 10 സ്വാദുകള്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോളെന്നു പ്ലിംഗിന്‍റെ ഉടമ ആന്‍ഡ്രൈന്‍ മെന്‍ഡെസ് പറയുന്നു. 

എന്നാല്‍ വലിയ കമ്പനികള്‍ മാറ്റുരക്കുന്ന എഫ്.എം.സി.ജി മേഖലയില്‍ മത്സരിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. സൂപ്പര്‍ മാര്‍ക്കറ്റുകളിലും ചെറുകിട കടകളിലൂടെയും മാത്രം തങ്ങളുടെ ഉത്പന്നം വിറ്റഴിക്കുക എന്ന കമ്പനിയുടെ തീരുമാനം നഷ്ടത്തിന് വഴിയൊരുക്കി. 50 രൂപ വിലയിട്ടിരുന്ന പാക്കറ്റുകള്‍ കേരളത്തിലെയും ബാംഗ്ലൂരിലേയും ഗുവാഹാത്തിയിലേയും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വിറ്റഴിക്കാനാണ് ആദ്യം ശ്രമിച്ചത്‌.

ഇത് വിജയിക്കാതെ വന്നപ്പോള്‍ ഡിസംബര്‍ 2017 ല്‍ 10 രൂപയുടെ പാക്കറ്റുകള്‍ ചെറു കടകളിലൂടെ വില്‍ക്കാന്‍ തുടങ്ങി. ഇതോടെ മാസം 50,000 പാക്കറ്റ് വീതം വില്‍ക്കാന്‍ സാധിച്ചു. തെക്കേ ഇന്ത്യയിലെ 3000 ത്തില്‍ അധികം കടകളില്‍ ഇന്ന് പ്ലിംഗ് ലഭ്യമാണ്. ആരോഗ്യകരമായ ഒരു ലഘുഭക്ഷണം എന്ന നിലയില്‍ കേരളത്തില്‍ നിന്നുള്ള ആദ്യ അന്താരാഷ്ട്ര ബ്രാന്‍ഡ്‌ ആയി വളരുക എന്നാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വര്‍ഷം തന്നെ യൂറോപ്പ്യന്‍, ഗള്‍ഫ്‌ വിപണികളില്‍ പ്ലിംഗ് ലഭ്യമായി തുടങ്ങും.