പ്രവാസി ചിട്ടികൾക്ക് ഗൾഫ് നാടുകളിൽ നിന്ന് ലഭിച്ച വൻ വരവേൽപ്പാണ് ഹലാൽ ചിട്ടികൾ ആരംഭിക്കാൻ കെഎസ്ഇഫ്ഇയെ പ്രേരിപ്പിച്ചത്.

കോഴിക്കോട്: കെഎസ്എഫ്ഇ ഹലാൽ ചിട്ടികൾ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കേരള സര്‍ക്കാര്‍ ഇസ്ലാമിക് ബാങ്കിങിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഭാവിയിൽ ഇസ്ലാമിക് ബാങ്കിംഗ് വ്യാപകമാക്കേണ്ടി വരുമെന്നും മന്ത്രി കോട്ടക്കലിൽ പറഞ്ഞു.

പ്രവാസി ചിട്ടികൾക്ക് ഗൾഫ് നാടുകളിൽ നിന്ന് ലഭിച്ച വൻ വരവേൽപ്പാണ് ഹലാൽ ചിട്ടികൾ ആരംഭിക്കാൻ കെഎസ്ഇഫ്ഇയെ പ്രേരിപ്പിച്ചത്. സെപ്റ്റംബറില്‍ പ്രവാസി ചിട്ടികൾ പ്രാവർത്തികമായിക്കഴിഞ്ഞാല്‍ അധികം വൈകാതെ തന്നെ ഹലാൽ ചിട്ടികൾ ആരംഭിക്കും. ശരീഅത്ത് നിയമങ്ങള്‍ അനുസരിച്ചുള്ളതായിരിക്കും പ്രവാസി ചിട്ടികള്‍. പലിശ ഹറാമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് സുരക്ഷിതമായും ആദായകരമായും നിക്ഷേപിക്കാനുള്ള സംവിധാനമായിരിക്കും ഹലാല്‍ ചിട്ടികളെന്നും മന്ത്രി പറഞ്ഞു.


കേരളത്തിൽ ഇസ്ലാമിക് ബാങ്കിംഗ് സജീവമാകണമെന്ന അഭിപ്രായമാണ് സംസ്ഥാന സർക്കാറിനുള്ളതെന്നും. പക്ഷേ കേന്ദ്രസര്‍ക്കാര്‍ ഇതിന് എതിരാണെന്നാണ് മനസിലാവുന്നതെന്നും അദ്ദഹം പറഞ്ഞു, ലോകത്ത് ഒട്ടുമിക്ക ബഹുരാഷ്ട്ര കുത്തക ബാങ്കുകളും റെഗുലര്‍ ബാങ്കിങിന്റെ ഭാഗമായി ഇസ്ലാമിക് ബാങ്കിങ് വിന്‍ഡോകള്‍ തുടങ്ങുന്നുണ്ട്. അവിടങ്ങളില്‍ അത് ദൈനംദിന ബാങ്കിങ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി ചിട്ടിയിൽ ചേരാൻ ഇതിനോടകം തന്നെ ഒന്നര ലക്ഷം പേർ താല്‍പ്പര്യം പ്രകടിപ്പിച്ചതായും ആറായിരം പേര്‍ രജിസ്റ്റര്‍ ചെയ്തതായും മന്ത്രി വ്യക്തമാക്കി.