കൂടുതല്‍ സ്ഥലലഭ്യത നല്‍കുന്ന പുഷ് ബാക്ക് സീറ്റുകള്‍, ഓരോ നാല് സീറ്റുകള്‍ വീതവും ടിവി മോണിറ്റര്‍ സൗകര്യം, മികച്ച ഇന്ധനക്ഷമത എല്ലാറ്റിനുമുപരി സമയലാഭം. ഒറ്റനോട്ടത്തില്‍ തന്നെ ആരുമൊന്ന് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ചന്തമുണ്ട് സ്വീഡിഷ് കമ്പനിയായ സ്‌കാനിയയുടെ ആഡംബര ബസ്സിന്. റിസര്‍വേഷന്‍ തുടങ്ങാത്തതിനാല്‍ ആളുകളെല്ലാം അറിഞ്ഞെത്തുന്നതെയുള്ളൂ. എങ്കിലും കിട്ടുന്ന വണ്ടിയ്ക്ക് നാട്ടിലെത്താമെന്ന് വിചാരിച്ച് വന്നവര്‍ക്ക് അപ്രതീക്ഷിതമായി കേരള ആര്‍ടിസിയുടെ സ്‌കാനിയ കണ്ടപ്പോള്‍ ഉത്സാഹം.

കര്‍ണാടക ആര്‍ടിസിയും, സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരും നേരത്തെ തന്നെ നിരത്തിറക്കിയ സ്‌കാനിയയെ മൂന്ന് മാസത്തെ പരീക്ഷണ ഓട്ടം വിജയകരമായതിന്റെ ഉറപ്പിലാണ് സ്ഥിരം സര്‍വ്വീസ്സാക്കാന്‍ കേരളആര്‍ടിസി തീരുമാനിച്ചത്. ബത്തേരി വഴി ആലപ്പുഴയിലേയ്ക്ക് തുടങ്ങിയ സര്‍വ്വീസ് വൈകാതെ തന്നെ ബെംഗളൂരു വഴി പുട്ടപര്‍ത്തി,ഹൈദരാബാദ് എന്നിവടങ്ങളില്‍ നിന്ന് കേരളത്തിലെ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്കും പ്രതീക്ഷിക്കാം.

കോടികള്‍ വരുന്ന സ്‌കാനിയയുടെ പതിനെട്ട് ബസുകളാണ് കേരള ആര്‍ടിസിയുടെ പക്കലുള്ളത്.ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഉച്ചയ്ക്ക് 2.30നാണ് കേരള ആര്‍ടിസി സ്‌കാനിയ പുറപ്പെടുക. തമിഴ്‌നാടുമായുള്ള ഗതാഗത കരാര്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിലവിലെ ഡീലക്‌സ് ബസുകള്‍ക്ക് പകരം സേലം വഴി തെക്കന്‍ കേരളത്തിലേയ്ക്കുള്ള കേരള ആര്‍ടിസി സ്‌കാനിയ ഓടി തുടങ്ങുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു

ചിത്രം കടപ്പാട്- വടക്കൂസ്