ഹോര്‍മോണ്‍ കുത്തിവയ്ക്കാത്ത കോഴിയിറച്ചി വിപണിയിലെത്തിക്കാന്‍ കുടുംബശ്രീ. 87 രൂപയ്ക്ക് ഒരു കിലോ ചിക്കന്‍ ലഭ്യമാക്കാനാണ് ശ്രമം.

വിഷരഹിത പച്ചക്കറി പോലെ ഹോര്‍മോണ്‍ വിമുക്ത കോഴിയിറിച്ചി വിപണിയില്‍ എത്തിക്കാനാണ് കുടുംബശ്രീയുടെ ശ്രമം. കുടുംബശ്രീ അംഗങ്ങള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ നല്‍കി സാധാരണ രീതിയില്‍ വളര്‍ത്തിയെടുക്കും. തൂക്കം കൂട്ടാനുള്ള ഹോര്‍മോണുകളും മരുന്നുകളും ഉപയോഗിക്കില്ല. കേരള സ്റ്റേറ്റ് പൗള്‍ട്രീ കോര്‍പ്പറേഷന്‍ നല്‍കുന്ന ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങള്‍ക്ക് 30 രൂപയാണ് വില. ഒരു യൂണിറ്റിന് 250 മുതല്‍ 1000 വരെ കോഴിക്കുഞ്ഞുങ്ങളെ നല്‍കും. കോഴിവളര്‍ത്തലിന് സാമ്പത്തിക സഹായവും നല്‍കും. 42 ദിവസമാണ് ഇറച്ചിക്കോഴി പൂര്‍ണവളര്‍ച്ചയെത്താന്‍ എടുക്കുന്ന സമയം.
പ്രത്യേക സ്റ്റാളുകളിലൂടെയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ കോഴിയിറച്ചി വില്‍ക്കുക. പൂര്‍ണമായും അണുവിമുക്തമായാകും സ്റ്റാളുകളുടെ പ്രവര്‍ത്തനം. 87 രൂപയെന്ന വിപണി വിലയില്‍ ഒരു കിലോ കോഴിയിറച്ചി ലഭ്യമാക്കും. മൃഗസംരക്ഷണ വകുപ്പ്, എന്‍ആര്‍ഇജിഎസ് എന്നിവയുടെ സഹായത്തോടെയാണ് കുടുംബശ്രീ പദ്ധതി നടപ്പാക്കുന്നത്.