ദില്ലി: രാജ്യത്തെ എല്ലാ ഇ.പി.എഫ് അക്കൗണ്ടുകളും ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള സമയം മാര്‍ച്ച് 31 വരെ നീട്ടി. ഇ.പി.എഫ് പദ്ധതിയില്‍ അംഗമായിട്ടുള്ളവരും പെന്‍ഷന്‍കാരും മാര്‍ച്ച് 31നകം തന്നെ ആധാര്‍ നമ്പര്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. രാജ്യത്ത് 50 ലക്ഷത്തോളം പെന്‍ഷന്‍കാരും നാല് കോടി അംഗങ്ങളുമാണ് ഇ.പി.എഫ് പദ്ധതിക്ക് കീഴില്‍ ഇപ്പോഴുള്ളത്.

നേരത്തെ ഫെബ്രുവരി 28നകം ആധാര്‍ നമ്പര്‍ നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കൂടി കണക്കിലെടുത്താണ് ഒരു മാസം കൂടി നീട്ടിയത്. സമയപരിധി അവസാനിച്ച ശേഷം വിവരങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ വി.പി ജോയ് പറഞ്ഞു. രാജ്യത്തെ 120 പി.എഫ് ഫീല്‍ഡ് ഓഫീസുകള്‍ ഇക്കാര്യത്തില്‍ വിപുലമായ പ്രചാരണം നടത്തും. ജീവനക്കാരുടെ പി.എഫ് നമ്പറുകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. പെന്‍ഷന്‍കാര്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട അവസാന തീയ്യതിയും മാര്‍ച്ച് 31ആണ്.