തിരുവനന്തപുരം: ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ സമരം തുടരും. പ്രിന്‍സിപ്പാള്‍ ലക്ഷിമി നായരെ പുറത്താക്കാന്‍ നടപടിയെടുക്കാത്ത സിന്റിക്കേറ്റ് നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ്സിന് മുന്നില്‍ പ്രതിഷേധിച്ചു. പ്രിന്‍സിപ്പാള്‍ രാജിവയ്ക്കും വരെ സമരം തുടരുമെന്നാണ് എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാട്.

ലോ അക്കാദമിയില്‍ സര്‍വ്വകലാശാല ഉപസമിതി നടത്തിയ തെളിവെടുപ്പില്‍ ലഭിച്ച വിവരങ്ങള്‍ ചര്‍ച്ചചെയ്ത സിന്റിക്കേറ്റ് പ്രിന്‍സിപ്പാള്‍ ലകഷ്മി നായരെ വിലക്കാന്‍ മാത്രം തീരുമാനിച്ച വിവരം പുറത്തുവന്നതോടെ വിദ്യാര്‍ത്ഥികള്‍ സംഘടിതമായി പ്രതിഷേധപ്രകടനം നടത്തുകയായിരുന്നു. പ്രിന്‍സിപ്പാളിന്റെ രാജി വേണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് ലകഷ്മിനായരുടെ കോലം വിദ്യാര്‍ത്ഥികള്‍ കത്തിച്ചു.

അതേസമയം സിണ്ടിക്കേറ്റ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളെല്ലാം പരിഗണിച്ചെന്ന് എസ്എഫ്‌ഐ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ രാജി ആവശ്യപ്പെടുന്നത് വരെ സമരം തുടരാനാണ് എസ്എഫ്‌ഐയുടെയും തീരുമാനം. വിദ്യാര്‍ത്ഥികള്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ നിരാഹാരം നിര്‍ത്തില്ലെന്ന് ബിജെപി നേതാവ് വി മുരളീധനും പറഞ്ഞു. എഐവൈഎഫും സമരം തുടരും.