തിരുവനന്തപുരം: ചരക്ക് സേവന നികുതി നടപ്പാക്കിയ ശേഷം നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി ശക്തമാക്കി. മൊത്ത വ്യാപാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പലചരക്ക് കടകളിലുമായിരുന്നു ഇന്ന് ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ സംസ്ഥാന വ്യാപക പരിശോധന. ഒരു ഉല്‍പ്പന്നത്തിനും പരമാവധി വില്‍പ്പന വിലയില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ലെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം കര്‍ശന നി‍ര്‍ദ്ദേശം നല്‍കിയിരുന്നു.

വാറ്റ് ഉള്‍പ്പെടെയുള്ള നികുതിയടക്കം കൂട്ടിച്ചേര്‍ത്ത് നേരത്തെ നിശ്ചയിച്ചിരുന്ന പരമാവധി വില്‍പ്പന വിലയോടൊപ്പം (എം.ആര്‍.പി) ഇപ്പോഴത്തെ ജി.എസ്.ടി കൂടി കൂട്ടിച്ചേര്‍ത്ത് അധിക വില ഈടാക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു. നേരത്തെ ഈടാക്കിയിരുന്ന നികുതികള്‍ കുറച്ച ശേഷമാണ് ജി.എസ്.ടി കൂട്ടിച്ചേര്‍ക്കേണ്ടത്. അങ്ങനെയാകുമ്പോള്‍ 80 ശതമാനത്തോളം ഉല്‍പ്പന്നങ്ങള്‍ക്കും ഇപ്പോഴത്തെക്കാള്‍ വില കുറയുകയാണ് ചെയ്യേണ്ടത്. എന്നാല്‍ അവ്യക്തത മുതലാക്കി വ്യാപാരികള്‍ അമിതലാഭം ഈടാക്കുന്നെന്ന പരാതിയാണ് ഉയരുന്നത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ലീഗല്‍ മെട്രോളജി അധികൃതര്‍ അറിയിച്ചു.