സീനിയോറിറ്റി മറികടന്ന് ജൂനിയര്‍ ഡ്രൈവര്‍മാരെ ഡ്യൂട്ടിക്ക് കയറ്റുന്നുവെന്നാരോപിച്ചാണ് ട്രക്ക് ഡ്രൈവര്‍മാര്‍ സമരം തുടങ്ങിയത്.

കൊല്ലം: പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ സമരം. സമരത്തെത്തുടര്‍ന്ന് പ്ലാന്റില്‍ നിന്നുള്ള പാചകവാതക വിതരണം നിലച്ചു

സീനിയോറിറ്റി മറികടന്ന് ജൂനിയര്‍ ഡ്രൈവര്‍മാരെ ഡ്യൂട്ടിക്ക് കയറ്റുന്നുവെന്നാരോപിച്ചാണ് ട്രക്ക് ഡ്രൈവര്‍മാര്‍ സമരം തുടങ്ങിയത്. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് യൂണിയനുകള്‍ സംയുക്തമായാണ് സമരം. വര്‍ഷങ്ങളായി ജോലി നോക്കുന്ന ഡ്രൈവര്‍മാരെ രാഷ്‌ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് പിരിച്ചുവിടാന്‍ നീക്കമുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.

കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് ഇവിടെ നിന്നാണ് പാചകവാതകം വിതരണം ചെയ്യുന്നത്. ദിവസം 100 മുതല്‍ 120 വരെ ട്രക്കുകളാണ് പ്ലാന്റില്‍ നിന്ന് ഈ ജില്ലകളിലേക്ക് പോകുന്നത്. പണിമുടക്ക് നീണ്ടാല്‍ തെക്കന്‍ കേരളത്തില്‍ പാചകവാതക വിതരണം പ്രതിസന്ധിയിലാകും. 

പാചകവാതക വിതരണക്കാരാണ് ഡ്രൈവര്‍മാരെ നിയമിക്കുന്നതെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് ഇക്കാര്യത്തില്‍ നിയന്ത്രണമില്ലെന്നുമാണ് ഐ.ഒ.സി അധികൃതരുടെ വിശദീകരണം.