സ്‌പോട്സ് കോംപ്ലക്‌സ് പദ്ധതിയുമായി ലുലു ഗ്രൂപ്പ് എല്ലാ രാജ്യാന്തര മത്സരങ്ങളും നടത്താന്‍ സൗകര്യമൊരുക്കും സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തമുള്ള പദ്ധതി നെടുമ്പാശ്ശേരി മാതൃകയില്‍ നിര്‍മ്മിക്കും പദ്ധതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചുവെന്ന് യൂസഫലി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ മാതൃകയില്‍ കേരളത്തില്‍ സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യാന്തര സ്‌പോട്സ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ ലുലു ഗ്രൂപ്പ് സന്നദ്ധമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ക്രിക്കറ്റും ഫുട്ബോളുമടക്കം എല്ലാ കളികളുടേയും രാജ്യാന്തര മത്സരങ്ങള്‍ നടത്താന്‍ കഴിയും വിധമുള്ള സ്‌പോട്സ് കോംപ്ലക്‌സാണ് ഉദ്ദേശിക്കുന്നതെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചുവെന്നും യൂസഫലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഫുട്ബോള്‍, ക്രിക്കറ്റ്, ടെന്നീസ്, ബാ്ഡമിന്‍റണ്‍, ബോക്‌സിംഗ്, വോളി ബോള്‍ തുടങ്ങി എല്ലാ കായിക ഇനങ്ങളുടേയും രാജ്യാന്തര മത്സരം നടത്താന്‍ കഴിയും വിധമുള്ള വിപുലമായ സ്‌പോട്സ് കോംപ്ലക്‌സ് നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ഏതു കായിക ഇനത്തിന്‍റെയും രാജ്യാന്തര മത്സരത്തിന് വേദിയാകാന്‍ കഴിയും വിധമാണ് സ്‌പോട്സ് കോംപ്ലക്‌സ് വിഭാവനം ചെയ്യുന്നത്. സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കനാണ് ഉദ്ദേശിക്കുന്നത്. പൊതു ജനങ്ങള്‍ക്കും പദ്ധതിയില്‍ പങ്കാളികളാകാം. വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കൈമാറിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണ്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ എല്ലാ രാജ്യാന്തര കായിക മത്സരങ്ങളും ഒരിടത്ത് തന്നെ നടത്താനാകും. രാജ്യത്തെ വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ കായിക മേഖലയില്‍ വന്‍ നിക്ഷേപമാണ് നടത്തുന്നത്. ഇതിന്‍റെ ചുവട് പിടിച്ചാണ് ലുലു ഗ്രൂപ്പും സര്‍ക്കാര്‍ സഹകരണത്തോടെ വിപുലമായ പദ്ധതി മുന്നോട്ട് വച്ചിരിക്കുന്നത്.